അഞ്ജാത വാഹനമിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ പൊലീസ് അലംഭാവം കാണിച്ചെന്ന് ബന്ധുക്കൾ, കഴിഞ്ഞ 24നാണ് വെള്ളയാംകുടി മുണ്ടൻ കുന്നേൽ കുഞ്ഞുമോനേ ഇടുക്കിക്കവലയ്ക്ക് സമീപം ഓടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
കട്ടപ്പന: ഞായറാഴ്ച്ച രാവിലെ 11 നാണ് വെള്ളയാംകുടി സ്വദേശിയായ ലക്ഷംവീട് മുണ്ടൻകുന്നേൽ കുഞ്ഞുമോനെ ( 53 ) ഇടുക്കിക്കവലയ്ക്ക് സമീപം മാസ് ഹോട്ടലിന് മുൻപിലെ ഓടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.24 മുതൽ കുഞ്ഞുമോനെ കാണുന്നില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.ഇതിനിടെയാണ് ഓടയ്ക്കുള്ളിൽ ഇദ്ദേഹത്തിന്റെ മൃതദ്ദേഹം കാണപ്പെട്ടത്.പിന്നീട് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കുകയും ചെയ്തു.തുടർന്നാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത്.
പിന്നീട് സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വാഹനമിടിച്ചാണ് കുഞ്ഞുമോൻ മരണപ്പെട്ടതെന്ന് വ്യക്തമായത്. സി സി ടി വി ദൃശ്യമടക്കം പൊലീസിൽ ഹാജരാക്കിയിട്ടും അന്വേഷിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.എന്നാൽ അന്വേഷണത്തിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും,ഉടൻ തന്നെ ഇടിച്ചിട്ട് നിർത്താത പോയ വാഹനം കസ്റ്റഡിയിൽ എടുക്കുമെന്നും കട്ടപ്പന പൊലീസ് അറിയിച്ചു.
വഴിയോരം ചേർന്ന് നടന്ന് പോകുകയായിരുന്ന കുഞ്ഞുമോനെ ഇടുക്കി റൂട്ടിൽ നിന്നെത്തിയ വെള്ള കാറാണ് ഇടിച്ച് തെറിപ്പിച്ചത്.
കാർ ഓടിച്ചിരുന്ന ആൾ വാഹനം നിർത്തി ഇറങ്ങി നോക്കുന്നതും,പിന്നീട് വാഹനമോടിച്ച് പോകുന്നതും സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്.വാഹനമിടിച്ചുള്ള വീഴ്‌ചയിൽ കുഞ്ഞുമോന്റെ വാരിയെല്ലിനും തലയ്‌ക്കും പൊട്ടലുണ്ടെന്ന് കണ്ടെത്തിയിരുന്നു.കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ വ്യക്തമാകൂ.ഷൈലയാണ് ഭാര്യ. ഹേമന്ത്, അഭിനവ് എന്നിവർ മക്കളാണ്..