വെള്ളിലാങ്കണ്ടം ജലാശയത്തിനുസമീപം മുൻകരുതൽ സ്വീകരിച്ച് കാഞ്ചിയാർ പഞ്ചായത്ത്
ഉപ്പുതറ : വെള്ളിലാങ്കണ്ടം കുഴൽപാലത്തിനു സമീപം ഇടുക്കി ജലാശയത്തിൽ ആളുകൾ ഇറങ്ങാതിരിക്കാൻ അപകട മുന്നറിയിപ്പു നൽകി കാഞ്ചിയാർ പഞ്ചായത്ത് ബോർഡു സ്ഥാപിച്ചു. ജലാശയത്തിലേക്ക് ഇറങ്ങാതിരിക്കാൻ റിബൺ കെട്ടിത്തിരിക്കുകയും ചെയ്തു.
കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിലൂടെ എത്തുന്ന ശബരിമല തീർഥാടകരെയും, ജലാശയം കാണാൻ എത്തുന്ന വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടാണ് നടപടി. ശബരിമല തീർഥാടകരുടെ ഇടത്താവളമാണ് വെള്ളിലാങ്കണ്ടം. ശുചിമുറി സൗകര്യപ്പെടുത്തി, പരിസരം വൃത്തിയാക്കി. ഇടുക്കി ജലാശയത്തിന്റെ വിദൂരദൃശ്യങ്ങൾ കാണാൻ എല്ലാ ദിവസവും നൂറുകണക്കിന് ആളുകളാണ് വെള്ളിലാങ്കണ്ടം കുഴൽപാലത്ത് എത്തുന്നത്. ജലാശയത്തിൽ കുളിക്കാനിറങ്ങിയ പലരും ഇവിടെ അപകടത്തിൽപെട്ടിട്ടുണ്ട്. മരണങ്ങളും സംഭവിച്ചിട്ടുണ്ട്.
വാക്കാൽ അപകട മുന്നറിയിപ്പു നൽകാൻ ശൗചാലയത്തിന്റെ ചുമതലക്കാരനെയും, സമീപത്തെ വ്യാപാരികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.