കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാര്‍ഷികവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു
കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാര്‍ഷികവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സംരംഭക സംഗമവും വിപണന മേളയും തങ്കമണിയില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കാമാക്ഷി ഗ്രാമ പഞ്ചായത്തില്‍ ജലനിധി പദ്ധതി ഒന്നാം ഘട്ടം അനുവദിച്ചിരുന്നു. ഇത് വളരെ നല്ല രീതിയിലാണ് പഞ്ചായത്ത് നടപ്പിലാക്കിയത്. പദ്ധതിയുടെ രണ്ടാം ഘട്ടം കൂടെ അനുവദിക്കണമെന്ന ഭരണസമിതിയുടെ ആവശ്യ പ്രകാരം 165 യൂണിറ്റുകള്‍ക്കായി ഒരു കോടി രൂപ കൂടി ഇവിടെ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി ചടങ്ങില്‍ പറഞ്ഞു.
കാമാക്ഷി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ എം. എം മണി എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം എന്ന ലക്ഷ്യത്തോടെ 2020 ഡിസംബര്‍ 21 ന് അധികാരത്തിലേറിയ പഞ്ചായത്ത് ഭരണസമിതി ഒരു വര്‍ഷം പൂര്‍ത്തി കരിച്ചിരിക്കുകയാണ്. ദാരിദ്ര്യ ലഘൂകരണം, പ്രാദേശിക സാമ്പത്തിക വികസനം, പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ പരിപാലനം, കൃഷി, ടൂറിസം, മൃഗസംരക്ഷണം തുടങ്ങി വിവിധ മേഖലകളിലെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ ഭരണ സമിതിക്ക് സാധിച്ചിട്ടുണ്ട്. വിവിധകേന്ദ്ര, സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ ത്രിതല പഞ്ചായത്ത് പദ്ധതികള്‍, എം.എല്‍.എ ഫണ്ട്, ബാങ്ക് വായ്പ, സന്നദ്ധ സേവനം തുടങ്ങി പരമാവധി എല്ലാ പദ്ധതികളെയും സംയോജിപ്പിച്ചുകൊണ്ട് വിഭവ സമാഹാരണം നടത്തിയാണ് പഞ്ചായത്ത് വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.
കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനോടൊപ്പം ഏറ്റെടുത്ത പ്രധാന പ്രവര്‍ത്തന പദ്ധതികളുടെ ഉത്ഘാടനവും , വിപണന മേളയും, സിഡിഎസ് അംഗങ്ങളെ ആദരിക്കലും വാര്‍ഷിക ആഘോഷ പരിപാടികളോടനുബന്ധിച്ച് നടത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പഞ്ചായത്ത് ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചിട്ടുള്ളതും. പുരോഗമിക്കുന്നതുമായ പ്രധാന പദ്ധതികളായ ”ആടും കുടും മഴവെള്ള സംഭരണി ഭവന പദ്ധതികള്‍, ഇ ഹെല്‍ത്ത് കാര്‍ഡ്, അരികെ പാലിയേറ്റിവ് ഡയാലിസിസ് പദ്ധതി, കമ്മ്യൂണിറ്റി മാലിന്യ സംസ്‌കരണ യൂണിറ്റ്, ജൈവകൃഷി പ്രോത്സാഹന പദ്ധതി, ഉത്തരവാദിത്ത ടൂറിസം സര്‍ക്യൂട്ട്, സ്വയം തൊഴില്‍ സംരംഭങ്ങള്‍, സംരംഭക സൗഹാര്‍ദ്ദ പഞ്ചായത്ത് പ്രഖ്യാപനം’ തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെജി സത്യന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, കാമാക്ഷി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, തുടങ്ങി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ സമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു