കേരള മീഡിയ അക്കാദമി ;മാധ്യമോത്സവം
കേരള മീഡിയ അക്കാദമി ഡിസംബര്‍ 26 മുതല്‍ 28 വരെ തീയതികളിലായി മാധ്യമോത്സവം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കോവളം കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജാണ് വേദി. ഡിസംബര്‍ 27 വൈകുന്നേരം 5.30ന് മാധ്യമ പ്രതിഭാ സംഗമം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. 2018, 2019 വര്‍ഷങ്ങളിലെ അക്കാദമിയുടെ മാധ്യമ അവാര്‍ഡുകള്‍ 15 മാധ്യമപ്രവര്‍ത്തകര്‍ക്ക് സമ്മാനിക്കും.
അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ പി.ജി.ഡിപ്ലോമ കോഴ്സിന്റെ കോണ്‍വക്കേഷനും ഗവര്‍ണര്‍ നിര്‍വ്വഹിക്കും. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിക്കും. എം.വിന്‍സന്റ് എം.എല്‍.എ, അക്കാദമി വൈസ് ചെയര്‍മാന്‍ ദീപു രവി ഗവര്‍ണര്‍ക്ക് ഉപഹാരം സമര്‍പ്പിക്കും. ഐ&പിആര്‍ഡി ഡയറക്ടര്‍ ഹരി കിഷോര്‍, മാധ്യമ നിരീക്ഷകന്‍ ഡോ.സെബാസ്റ്റ്യന്‍ പോള്‍, ഡോ.ചിന്ത ജെറോം, അക്കാദമി അസി.സെക്രട്ടറി കല.കെ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ.എം.ശങ്കര്‍ എന്നിവര്‍ സംസാരിക്കും. കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെ സഹകരണത്തോടെ കലാപരിപാടികളും അവതരിപ്പിക്കും. കന്റെമ്പററി ഡാന്‍സിന്റെ സംസ്ഥാനതല മത്സരമാകും നടക്കുക.ഡിസംബര്‍ 26 ന് വൈകുന്നേരം 5.30ന് മാധ്യമജാലകം ഉത്സവസായാഹ്നം മുന്‍ സാംസ്‌കാരിക മന്ത്രി എം.എ.ബേബി ഉദ്ഘാടനം ചെയ്യും.
മീഡിയ അക്കാദമി ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്ന പ്രതിവാര മാധ്യമ വിശേഷാല്‍ പരിപാടിയായ മാധ്യമജാലകത്തിന്റെ 175-ാം പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഉത്സവ സായാഹ്നത്തില്‍ പ്രശസ്ത സംഗീതജ്ഞന്‍ രമേഷ് നാരായണ്‍ മുഖ്യാതിഥിയാകും. സ്വരലയ ചെയര്‍മാന്‍ രാജ്മോഹന്‍, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ചെയര്‍മാന്‍ സുരേഷ് വെളളിമംഗലം, ദൂരദര്‍ശന്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കെ.ആര്‍.ബീന എന്നിവര്‍ പങ്കെടുക്കും. മാധ്യമജാലകത്തെ സമ്പന്നമാക്കുന്ന തോമസ് ജേക്കബ് (മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍, മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍) , ഡോ.സെബാസ്റ്റ്യന്‍ പോള്‍ (മാധ്യമനിരീക്ഷകന്‍), എസ്.ഡി.പ്രിന്‍സ് (മാധ്യമഭാഷാ വിദഗ്ദ്ധന്‍) എന്നിവരെ ആദരിക്കും.
എപ്പിസോഡ് ഡയറക്ടര്‍ കെ.അജിത്, പരിപാടിയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവരെ പ്രത്യേകമായി അനുമോദിക്കും. ഡിസംബര്‍ 28ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ ചിത്രാഞ്ജലി സ്റ്റുഡിയോ, നിയമസഭാ മന്ദിരം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.