ഒമിക്രോൺ വ്യാപനം; കനത്ത ജാഗ്രത വേണം, ജില്ലാതലം മുതൽ പ്രതിരോധം:പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി∙ രാജ്യത്ത് ഒമിക്രോൺ വകഭേദം കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജില്ലാതലം മുതൽ പ്രതിരോധം ശക്തമാക്കണമെന്നു നിർദേശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോഗസ്ഥ തലത്തിൽ കനത്ത ജാഗ്രത വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കോവിഡിന്റെ പുതിയ വകഭേദം രാജ്യത്തു ശക്തമാകുന്ന സാഹചര്യത്തിൽ വിളിച്ചു ചേർത്ത മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാമാരി അവസാനിച്ചിട്ടില്ലെന്നും അതിനാൽ എല്ലാവരും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുമായി ചേർന്നു പ്രവർത്തിക്കാൻ കേന്ദ്ര സംഘത്തിനു നിർദേശം നൽകി. കൃത്യവും ഫലപ്രദവുമായ സമ്പർക്ക പട്ടിക തയാറാക്കണം. പുതിയ വേരിയന്റ് സൃഷ്ടിക്കുന്ന വെല്ലുവിളി നേരിടാൻ ജില്ലാ തലം മുതലുള്ള ആരോഗ്യ സംവിധാനം ശക്തമാകണം.
പരിശോധനയും വാക്സിനേഷനും വർധിപ്പിക്കണം. ഓക്സിജൻ വിതരണ സംവിധാനങ്ങളുടെ കാര്യവും ഉറപ്പാക്കണമെന്നു പ്രധാനമന്ത്രി നിർദേശം നൽകി. കോവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളിലേക്കു കേന്ദ്ര സംഘത്തെ അയയ്ക്കും. വാക്സിനേഷൻ നിരക്ക് കുറവുള്ള സംസ്ഥാനങ്ങളിലും കേന്ദ്രസംഘം എത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.