സ്കൂളുകൾ മാത്രം നോട്ടമിടുന്ന ചുഴലി മഹേഷ്,ചെറുപ്പകാലത്ത് ഒറ്റപ്പെടൽ അനുഭവിച്ചാണ് മഹേഷ് വളർന്നത്. പന്ത്രണ്ടാം വയസ്സിൽ വീടിന് തീയിട്ടതാണ് ആദ്യത്തെ കേസ്,പിന്നീട് മോഷണംഉപജീവനമാർഗ്ഗമാക്കി.വൈകുന്നേരമായാൽ ആളനക്കം ഉണ്ടാക്കുകയില്ലെന്ന് ഉറപ്പുള്ള സ്കൂളുകളിലും,ക്ഷേത്രങ്ങളിലുമാണ് മോഷണം. ചുഴലി വന്നപോലെ അഭിനയിച്ച് പണം കൈക്കലാക്കുന്നതിലും വിദഗ്ധൻ
പള്ളിക്കവലയിലെ സെന്റ് ജോർജ് സ്കൂളിന്റെ ഓഫീസ് കുത്തി തുറന്ന് മുക്കാൽ ലക്ഷത്തോളം രൂപ അപഹരിച്ച പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് വലയിലാക്കി. ഇടുക്കി മരിയാപുരം സ്വദേശി നിരവത്ത് മഹേഷെന്ന ( 41 ) ചുഴലി മഹേഷാണ് അറസ്റ്റിലായത്. കട്ടപ്പന ഡി വൈ എസ് പി യുടെ പ്രത്യേക സ്ക്വാഡ് തമിഴ്നാട്ടിലെ കമ്പത്ത് നിന്നാണ് കള്ളനെ കസ്റ്റഡിയിൽ എടുത്തത്. സ്കൂളിൽ നിന്ന് മോഷ്ടിച്ച പണമെന്ന് കരുതുന്ന 23000 ലധികം രൂപയും , പണം ഉപയോഗിച്ച് വാങ്ങിയ മൊബൈൽ ഫോണും കണ്ടെടുത്തു. ചൊവ്വാഴ്ച്ച പുലർച്ചെയാണ് സെന്റ് ജോർജ് സ്കൂളിന്റെ ഓഫീസ് റൂം തകർത്ത് മേശയിൽ സൂക്ഷിച്ചിരുന്ന 86000 രൂപ പ്രതി അപഹരിച്ചത്. തുടർന്ന് ടാക്സി വാഹനത്തിൽ കമ്പത്തേയ്ക്ക് കടന്ന പ്രതി അവിടെ ലോഡ്ജിൽ മുറിയെടുത്ത് തങ്ങി. പൊലീസ് തേടി വരാനുള്ള സാധ്യത മുന്നിൽ കണ്ട് ഇവിടെ നിന്നും കടക്കാനുള്ള പദ്ധതിയിട്ടപ്പോഴാണ് പ്രത്യേക സംഘത്തിന്റെ പിടിയിലാകുന്നത്.കട്ടപ്പന ഡി വൈ എസ് പി വി. എ നിഷാദ് മോന്റെ നേതൃത്വത്തിൽ എസ് എച്ച് ഒ വിശാൽ ജോൺസൺ,എസ് ഐ സജിമോൻ ജോസഫ്, എ എസ് ഐ എസ്.സുബൈർ, സി പി ഒ മാരായ ടോണി ജോൺ, വി. കെ അനീഷ് എന്നിവർ ചേർന്നാണ് മോഷ്ടാവിനെ കസ്റ്റഡിയിൽ എടുത്തത്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സ്കൂളുകൾ മാത്രം നോട്ടമിടുന്ന ചുഴലി മഹേഷ്
ചെറുപ്പകാലത്ത് ഒറ്റപ്പെടൽ അനുഭവിച്ചാണ് മഹേഷ് വളർന്നത്. പന്ത്രണ്ടാം വയസ്സിൽ വീടിന് തീയിട്ടതാണ് ആദ്യത്തെ കേസ്, പിന്നീട് മോഷണംഉപജീവനമാർഗ്ഗമാക്കി.വൈകുന്നേരമായാൽ ആളനക്കം ഉണ്ടാക്കുകയില്ലെന്ന് ഉറപ്പുള്ള സ്കൂളുകളിലും,ക്ഷേത്രങ്ങളിലുമാണ് ഇയാൾ മോഷണം നടത്തുന്നത്.പണത്തിന് പുറമേ ലാപ്ടോപ്പുകളും,കമ്പ്യൂട്ടറുകളുമാണ് ഇയാൾ പതിവായി മോഷ്ടിക്കുന്നത്.കട്ടപ്പനയിലെ സ്കൂളിൽ നടത്തിയ മോഷണത്തിന് പുറമേ ചങ്ങനാശ്ശേരി, ആലത്തൂർ എന്നീ സ്‌റ്റേഷനുകളിലും ഇയാൾക്കെതിരെ സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂൾ കേന്ദ്രീകരിച്ച് മോഷണം നടത്തി പശ്ചാത്തലമുള്ള കള്ളൻമാരെ കേന്ദ്രീകരിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.നിരവധി മോഷണക്കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള മഹേഷ് ചുഴലി വന്നത് പോലെ അഭിനയിച്ച് ആളുകളിൽ നിന്നും ചികിത്സയ്ക്ക് പണം സ്വരൂപിച്ച ശേഷം കടന്നു കളയുന്ന ശീലവുമുണ്ടെന്ന് പൊലീസ് പറഞ്ഞു. കേരളത്തിൽ മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേയ്ക്ക് കടക്കുന്നതാണ് മറ്റൊരു രീതി.
ഹൈറേഞ്ചിലെ മൺസൂൺ കാല മോഷണങ്ങൾ
മൺസൂൺ കാലത്ത് ഹൈറേഞ്ചിൽ പലയിടത്തായി നിരവധി ചെറുതും വലുതുമായ മോഷണങ്ങളാണ് നടന്നത്.ഇവയിൽ അവസാനത്തേതാണ് സ്കൂൾ കുത്തി തുറന്ന് പണം അപഹരിച്ച സംഭവം.കഴിഞ്ഞ ആഴ്ച്ച വ്യത്യസ്ത സ്ഥലങ്ങളിലായി നിർത്തിയിട്ടിരുന്ന അഞ്ച് ഓട്ടോറിക്ഷകളുടെ ബാറ്ററികൾ മോഷണം പോയിരുന്നു. നഗരത്തിൽ തന്നെ പലയിടത്തും മോഷ്ടാക്കളുടെ സാന്നിധ്യവും കണ്ടെത്തി.വെട്ടിക്കുഴകവലയിലെ വീട്ടിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ചതുൾപ്പടെ പതിമൂന്നോളം കേസിൽ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ മാരകായുധങ്ങളുമായി കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇതിന് പിന്നാലെയാണ് ചുഴലി മഹേഷും കസ്റ്റഡിയിലായത് .ആളൊഴിഞ്ഞ ഒറ്റപ്പെട്ടയിടങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണങ്ങൾ പലതും നടന്നത് എന്നതും പ്രത്യേകതയാണ്.
നോക്കു കുത്തിയായി സി സി ടി വി ക്യാമറകൾ
മോഷണം പെരുകിയിട്ടും ഉപയോഗ ശൂന്യമായ സി. സി ടി വി ക്യാമറകൾ കട്ടപ്പന നഗരത്തിന് തലവേദനയാകുന്നു.ചിന്നമ്മ കൊലപാതകമുൾപ്പടെയുള്ള സുപ്രധാന കേസുകൾക്ക് പ്രധാന വഴികളിലെയും, ടൗണുകളിലെയും സി സി ടി വി ക്യാമറ ദൃശ്യങ്ങൾ അനിവാര്യമാകുമായിരുന്ന ഘടകമാണ്. എന്നാൽ കൃത്യമായ മെയിന്റനൻസ് നടത്താത്തത് മൂലം ക്യാമറകൾ ഉപയോഗ ശൂന്യമാണ്. 2018 – 2019 കാലയളവിൽ 35 ക്യാമറകളാണ് ടൗണിൽ വിവിധ ഭാഗങ്ങളിൽ നഗരസഭ സ്ഥാപിച്ചത്. ഇവയുടെ കൺട്രോൾ സംവിധാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത് പൊലീസ് സ്‌റ്റേഷനിലാണ്.ക്യാമറകൾ കേടായത് പൊലീസ് പല തവണ നഗരസഭയെ രേഖാമൂലം അറിയിച്ചിരുന്നു.എന്നാൽ ഇതു വരെ നന്നാക്കാൻ നടപടി ഉണ്ടായിട്ടില്ല.