വില കേൾക്കുമ്പോഴേ വേണ്ടെന്നു പറയും; പച്ചക്കറി വില പിടിച്ചാൽ കിട്ടാത്ത നിലയിൽ
തൊടുപുഴ∙ പച്ചക്കറി വില പിടിച്ചാൽ കിട്ടാത്ത നിലയിൽ. ഓരോ ദിവസവും വില മാറിമറിയുകയാണ്. മഴ കാരണം മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിനു പ്രധാന കാരണമായി പറയുന്നത്. ഹോൾസെയിൽ കച്ചവടക്കാർക്കു പോലും ആവശ്യത്തിനു പച്ചക്കറികൾ ലഭിക്കുന്നില്ല.
ഇതോടെ തക്കാളി, മുരിങ്ങക്കായ, വെണ്ടയ്ക്ക, പച്ചമുളക് തുടങ്ങി പല ഇനങ്ങൾക്കും തീ വിലയാണ്. സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ പച്ചക്കറി വില വീണ്ടും മുകളിലേക്കു കുതിക്കാൻ തന്നെയാണ് സാധ്യത. വിപണിയിൽ മറ്റു പല നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉയരുകയാണ്.
മെരുങ്ങാതെ മുരിങ്ങക്കായ വില !
വീടുകളിൽ മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറും അവിയലും ഇപ്പോൾ ശീലമായിക്കഴിഞ്ഞു. ഒരു കിലോ മുരിങ്ങക്കായയ്ക്കു 200 രൂപയാണ് ചില്ലറ വില. 2 മാസം മുൻപു 80 രൂപയായിരുന്നു മുരിങ്ങക്കായയുടെ വില. വില കേൾക്കുമ്പോഴേ മുരിങ്ങക്കായ വേണ്ടെന്നു പറയുന്നവരുടെ എണ്ണം കൂടിയെന്നു വ്യാപാരികൾ.
വിവാഹസദ്യക്കാർക്കു മാത്രമേ ഇപ്പോൾ മുരിങ്ങക്കായ ‘ആവശ്യമുള്ളൂ’. പക്ഷേ, അവരെ മാത്രം മുന്നിൽക്കണ്ട് വ്യാപാരികൾക്കു കച്ചവടം നടത്താനുമാകില്ല. ഇതോടെ വ്യാപാരികളിൽ പലരും മുരിങ്ങക്കായ വാങ്ങി വയ്ക്കുന്നതു നിർത്തി. പല ചില്ലറ വിൽപനശാലകളിലും മുരിങ്ങക്കായ കിട്ടാനില്ല.
തീപിടിച്ച് ‘തക്കാളി’
യഥേഷ്ടം ഉപയോഗിച്ചിരുന്ന തക്കാളി ഇപ്പോൾ അറിഞ്ഞുപയോഗിച്ചില്ലെങ്കിൽ കൈപൊള്ളും. കിലോയ്ക്ക് 100 രൂപയാണു വില. കിലോയ്ക്ക് 130–140 രൂപ വരെയെത്തിയ തക്കാളി വില അൽപം കുറഞ്ഞെങ്കിലും ഇപ്പോഴും സാധാരണക്കാരന്റെ കൈപ്പിടിയിലൊതുങ്ങാത്ത നിലയിലാണ്. രണ്ടു മാസം മുൻപ് 50–60 രൂപയായിരുന്നു തക്കാളി വില.
വില കുതിച്ചുയർന്നതോടെ തക്കാളിക്ക് ആവശ്യക്കാർ തീരെ കുറവാണെന്നു കച്ചവടക്കാർ പറയുന്നു. വാങ്ങുന്നവരാകട്ടെ അളവ് കുറയ്ക്കുകയും ചെയ്തു. പച്ചമുളകിനു കിലോഗ്രാമിന് ഇപ്പോൾ 100 രൂപയാണ് ചില്ലറ വില. 2 മാസം മുൻപ് 40–50 രൂപയായിരുന്നു വില.
‘കരയിക്കാതെ’ സവാളയും ഉരുളക്കിഴങ്ങും
സവാള, ഉരുളക്കിഴങ്ങ് തുടങ്ങി ചുരുക്കം ചില ഇനങ്ങൾക്കു മാത്രമാണ് കാര്യമായ വില വർധന ഉണ്ടാകാത്തത്. സവാളയ്ക്ക് 45 രൂപയും ഉരുളക്കിഴങ്ങിന് 40 രൂപയുമായിരുന്നു കഴിഞ്ഞദിവസങ്ങളിൽ വില. അതേസമയം, സവാള വില കൂടാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
പച്ചക്കറി വില
തൊടുപുഴയിലെ ഇന്നലത്തെ വില കിലോയ്ക്ക് (ബ്രാക്കറ്റിൽ 2 മാസം മുൻപത്തെ വില)
തക്കാളി– 100 (50–60) , കാരറ്റ്– 80 (70) , വള്ളിപ്പയർ– 80 (60) , മുരിങ്ങക്കായ– 200 (80) , സവാള– 45 (45) , ചുവന്നുള്ളി– 60 (40–50) , ബീൻസ്– 80 (48) , വെണ്ടയ്ക്ക– 90 (40), കോവയ്ക്ക– 80 (45) , വഴുതനങ്ങ– 70 (40) , ബീറ്റ്റൂട്ട്– 80 (40) , പടവലങ്ങ– 60 (40) , വെള്ളരിക്ക– 70 (30) , പച്ചമുളക്– 100 (40–50), കാബേജ്– 70 (30–40)