ഇ-ഗവേണൻസിന്റെ പേരിൽ അപേക്ഷകൾ നിരസിക്കുന്നു; പഞ്ചായത്ത് ഓഫീസുകളിൽ ജനങ്ങൾ വലയുന്നു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇ-മെയിൽ വഴിയും നേരിട്ടും നൽകുന്ന അപേക്ഷകൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ വിമുഖത കാട്ടുന്നതായി വ്യാപക പരാതി. ഓൺലൈൻ പോർട്ടൽ വഴി മാത്രമേ അപേക്ഷകൾ സ്വീകരിക്കൂ എന്ന വിചിത്ര വാദമുയർത്തി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് പല പഞ്ചായത്തുകളിലും നിലനിൽക്കുന്നത്. സർക്കാർ തലത്തിൽ ഇത്തരമൊരു നിബന്ധന നിലവിലില്ലെന്നിരിക്കെയാണ് ഇ-ഗവേണൻസിന്റെ പേരിൽ ജനങ്ങളെ വലയ്ക്കുന്നത്.പഞ്ചായത്ത് ഓഫീസുകളിൽ നേരിട്ടെത്തി അപേക്ഷ നൽകുന്നവരോട് ഓൺലൈൻ വഴി വരാൻ പറഞ്ഞ് മടക്കി അയക്കുകയാണ് പതിവ്. ഇ-മെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ ഇൻവേർഡ് രജിസ്റ്ററിൽ രേഖപ്പെടുത്താനോ കൈപ്പറ്റിയ രസീത് നൽകാനോ അധികൃതർ തയ്യാറാകുന്നില്ല. ഡിജിറ്റൽ സംവിധാനങ്ങളെക്കുറിച്ച് ധാരണയില്ലാത്ത സാധാരണക്കാർക്കും പ്രായമായവർക്കും ഈ നിലപാട് വലിയ തിരിച്ചടിയാകുന്നു.
അപേക്ഷ നൽകാൻ അക്ഷയ സെന്ററുകളെയും കമ്പ്യൂട്ടർ സെന്ററുകളെയും ആശ്രയിക്കേണ്ടി വരുന്നത് അധിക സാമ്പത്തിക ബാധ്യതയ്ക്കും സമയനഷ്ടത്തിനും കാരണമാകുന്നുണ്ട്.കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം പൗരന്മാരുടെ പരാതികളും അപേക്ഷകളും സ്വീകരിച്ച് കൃത്യസമയത്ത് പരിഹാരം കാണേണ്ടത് പഞ്ചായത്തുകളുടെ നിയമപരമായ ബാധ്യതയാണ്. ഐ.ടി നിയമപ്രകാരം ഇ-മെയിൽ ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾക്ക് കോടതികളിൽ പോലും നിയമസാധുതയുള്ളപ്പോഴാണ് പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഈ തടസവാദം.ഓൺലൈൻ സംവിധാനം സേവനങ്ങൾ വേഗത്തിലാക്കാനാണെന്നിരിക്കെ, അത് അപേക്ഷകൾ നിരസിക്കാനുള്ള ആയുധമാക്കുന്നത് സേവന നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിഷയത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് അടിയന്തരമായി ഇടപെട്ട് വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.













































































