ആവശ്യക്കാരേറി ; ഗ്രാമ്പുവിന് ഇത് നല്ല കാലമെന്ന് വ്യാപാരികൾ, ഉദ്പാദനക്കുറവിൽ നിരാശരായി കർഷകരും
അഭ്യന്തര വിപണിയിൽ ആവശ്യക്കാർ ഏറിയതും, ഉദ്പാദനത്തിലുണ്ടായ ഇടിവും മൂലം ഗുണമേന്മയേറിയ ഹൈറേഞ്ച് ഗ്രാമ്പുവിന്റെ വില ഉയർന്നു തുടങ്ങി.600-625 രൂപയായിരുന്ന ഗ്രാമ്പുവിന്റെ വില ഒരാഴ്ചക്കിടെ മേന്മയനുസരിച്ച് 700 രൂപ വരെ ലഭിച്ച് തുടങ്ങി. ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് ഹൈറേഞ്ച് ഗ്രാമ്പുവിന്റെ വില 700 ൽ എത്തിയത്.കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വിപണിയിൽ ആവശ്യക്കാർ ഏറിയിരുന്നു. ആവശ്യകത വർധിച്ചതോടെ ക്രിസ്മസ് സീസൺ മുന്നിൽ കണ്ട് വ്യാപാരികൾ ഗ്രാമ്പു സംഭരിച്ചതും വിലക്കയറ്റത്തിന്റെ മറ്റ് കാരണങ്ങളാണ്. മസാലക്കമ്പനികളും കട്ടപ്പന കമ്പോളത്തിൽ നിന്നും വൻതോതിൽ ഗ്രാമ്പു വാങ്ങിക്കൂട്ടുന്നുണ്ട്. രണ്ട് വർഷം മുൻപ് വരെ ഹൈറേഞ്ച് ഗ്രാമ്പുവിന് 700-750 രൂപ വില ലഭിച്ചിരുന്നു. കൊവിഡ് ലോക്ക് ഡൗണോടെ ആവശ്യക്കാരില്ലാതായി.തുടർന്ന് വില കുത്തനെ താഴ്ന്ന് 450 രൂപ വരെയെത്തി. പിന്നീട് വില ഉയർന്നെങ്കിലും 640 രൂപയിൽ കൂടുതൽ കർഷകർക്ക് ലഭിച്ചില്ല.വില വർധിക്കുമെന്ന പ്രതീക്ഷയിൽ വൻ തോതിൽ ഗ്രാമ്പു സംഭരിച്ച വ്യാപാരികൾക്കും അന്ന് നഷ്ടമുണ്ടായി.എന്നാൽ ഇത്തവണ ഉണ്ടായ വില വർധന പ്രയോജനപ്പെടുത്താമെന്ന കണക്കൂകൂട്ടലിലാണ് വ്യാപാരികൾ. വിലയിടിവിനൊപ്പം ഉയർന്ന ഉത്പാദന ,വിളവെടുപ്പ് ചെലവ് താങ്ങാൻ കഴിയാതെ ഹൈറേഞ്ചിലെ കർഷകരിൽ പലരും കൃഷി ഉപേക്ഷിച്ചിരുന്നു. ഗ്രാമ്പു മരങ്ങൾക്ക് വലിയ രോഗ കീടബാധകൾ ഇല്ലെങ്കിലും വളപ്രയോഗവും വിളവെടുപ്പ് കൂലിയും ഉൾപ്പെടെ ഒരു കിലോ ഉത്പാദിപ്പിക്കുവാൻ 350 രൂപയോളം ചെലവ് വരും. വില താഴ്ന്ന് 450 ൽ എത്തിയപ്പോൾ കർഷകരിൽ ചിലർ ഗ്രാമ്പു മരങ്ങൾ വെട്ടിമാറ്റുകയൊ പാട്ടത്തിന് നൽകുകയൊ ചെയ്തു. ഇതോടെ കമ്പോളത്തിലെത്തുന്ന ഗ്രാമ്പുവിന്റെ അലവിലും ഗണ്യമായ കുറവുണ്ടായതായി വ്യാപാരികൾ വ്യക്തമാക്കുന്നു.