പീരുമേട് എം.എല്‍.എ അറിയാതെ പ്രതിഷേധവുമായി മുന്‍ എം.എല്‍.എ ഇ . എസ് ബിജിമോൾ
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നതോടെ വീടുകളില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് സി.പി.െഎ നേതാവും മുന്‍ എം.എല്‍.എയുമായ ഇ.എസ്. ബിജിമോളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. പെരിയാര്‍ തീരദേശ വാസികളുടെ സുരക്ഷ ഉറപ്പാക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 15ല്‍ താഴെ ആളുകള്‍ പ്രകടനം നടത്തിയത്. പെരിയാര്‍ തീരത്ത് ഗുരുതര സ്ഥിതിയാെണന്നും തീരദേശ വാസികളുടേത് സ്വാഭാവിക പ്രതികരണമാെണന്നും പ്രകടനത്തിനുശേഷം ബിജിമോള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ, മണ്ഡലത്തില്‍ സി.പി.ഐയുടെ അംഗം എം.എല്‍.എ ആയിരിക്കെ മുന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനം പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടുണ്ട്. ജില്ല കമ്മിറ്റി അംഗം ജോസ് ഫിലിപ്, എം.എന്‍. മോഹന്‍, എ.എന്‍. ചന്ദ്രന്‍ എന്നിവരും പ്രകടനത്തിന് നേതൃത്വം നല്‍കി.വാഴൂര്‍ സോമനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന മൂന്നുപേരും പ്രകടനത്തില്‍ പങ്കടുത്തതും മണ്ഡലം സെക്രട്ടറിമാരുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു.പാര്‍ട്ടിയില്‍ വിഭാഗീയത നിലനില്‍ക്കുന്നു എന്ന വിമര്‍ശനത്തിനിടെയാണ് ഒരു വിഭാഗത്തിലെ ഏതാനുംപേര്‍ ചേര്‍ന്ന് പ്രകടനം നടത്തിയത്.പ്രകടനം നടത്തുന്ന കാര്യം എം.എല്‍.എയുടെ ഓഫിസില്‍ അറിയിച്ചിരുന്നില്ലെന്നും പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിട്ട തിങ്കളാഴ്ച രാത്രി വാഴൂര്‍ സോമന്‍ വണ്ടിപ്പെരിയാറില്‍ ഉണ്ടായിരുന്നെങ്കിലും ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു.