ലോക്കപ്പിൽ നിന്നും ഇറങ്ങിയോടിയ പ്രതി രക്ഷപ്പെടാൻ ശ്രമിക്കവേ പുഴയിൽ മുങ്ങി മരിച്ചു, സംഭവം തൊടുപുഴയിൽ
അറസ്‌റ്റ് ചെയ്‌ത് പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതി ലോക്കപ്പ് തുറന്ന് ഇറങ്ങിയോടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ചു.തൊടുപുഴ കോലാനി പാറക്കടവ് കുളങ്ങാട്ട് വീട്ടില്‍ ഷാഫി (33) യാണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം നഗരത്തിലെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ ഷാഫിയുടെ മര്‍ദ്ദനമേറ്റ് സുരക്ഷാ ജീവനക്കാരന് സാരമായ പരുക്കേറ്റിരുന്നു. ഈ കേസില്‍ ഇയാളെ പോലീസ് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ ഇന്നലെ രാവിലെ ഷാഫി മദ്യപിച്ച് റോഡരികില്‍ കിടക്കുന്നതായി വിവരം ലഭിച്ചു. ഇതറിഞ്ഞ് സബ് ഇന്‍സ്‌പെക്‌ടര്‍ ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലടച്ചു.
എന്നാല്‍ പൂട്ടാതിരുന്ന ലോക്കപ്പ് തുറന്ന ഷാഫി ഇറങ്ങി ഓടുകയായിരുന്നു. പോലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് സമീപത്തുനിന്ന് ഇയാള്‍ തൊടുപുഴയാറ്റിലേക്ക് ചാടി. ആറിന്റെ നടുവിലൂടെ താഴേക്ക് നീന്തിയ ഷാഫിയോട് കരയിലേക്ക് കയറാന്‍ കുളിക്കടവിലുള്ളവരും രക്ഷിക്കാനെത്തിയ പോലീസും വിളിച്ച് പറഞ്ഞെങ്കിലും തയാറായില്ല. ഏതാനും സമയത്തിനുള്ളില്‍ ആഴമുള്ള ഭാഗത്ത് ഷാഫി മുങ്ങിപ്പോയി. തൊടുപുഴയിലെ സ്‌കൂബാ സംഘം മുല്ലപ്പെരിയാറിലും എരുമേലിയിലുമായിരുന്നതിനാല്‍ കോതമംഗലം ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തൊടുപുഴയാറ്റിലേക്ക് വെള്ളമെത്തുന്ന മലങ്കര ഡാമിന്റെ ഷട്ടറുകള്‍ അടച്ച് നീരൊഴുക്ക് നിയന്ത്രിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്‌റ്റ് പൂര്‍ത്തിയാക്കിയശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ് മോര്‍ട്ടം നടത്തും. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കഞ്ചാവ്, മോഷണം, ഭവനഭേദനം, അടിപിടി തുടങ്ങി 21 കേസുകളില്‍ പ്രതിയാണ് ഷാഫി.
കുറ്റക്കാര്‍ക്കെതിരേ നടപടി: ജില്ലാ പോലീസ് മേധാവി
ലോക്കപ്പ് ചെയ്‌ത പ്രതി ഇറങ്ങിയോടി ആറ്റില്‍ ചാടിയ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോസ്‌ഥര്‍ക്കെതിരേ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി. പ്രാഥമിക അനേ്വഷണത്തില്‍ പോലീസുകാരുടെ ഭാഗത്തുനിന്നു ജാഗ്രതക്കുറവുണ്ടായതായി കണ്ടെത്തി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.