നെടുങ്കണ്ടം ഗവ പോളിടെക്നിക്: 31 അധ്യാപക തസ്തികളിൽ 23 എണ്ണവും ഒഴിഞ്ഞു കിടക്കുന്നു
നെടുങ്കണ്ടം∙ സംസ്ഥാനത്ത് ഏറ്റവുമധികം അധ്യാപക ഒഴിവുള്ളത് നെടുങ്കണ്ടം ഗവ പോളിടെക്നിക് കോളജിൽ. 31 അധ്യാപക തസ്തികളിൽ 23 എണ്ണവും ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. വിജയശതമാനം കുറയുന്നതും അധ്യാപകരില്ലാത്തതിനാലെന്ന് കോളജ് അധികൃതർ തന്നെ പറയുന്നു. കോളജ് അധികൃതർ ഒട്ടേറെ തവണ വിഷയം ഉന്നയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല ഉണ്ടായിരുന്ന അധ്യാപകരെ സ്ഥലം മാറ്റുകയും ചെയ്തു.
മഞ്ഞപ്പെട്ടിയിൽ സ്ഥിതി ചെയ്യുന്ന നെടുങ്കണ്ടം പോളിടെക്നിക് കോളജ് ഏതാനും വർഷമായി ഈ അവസ്ഥയിലാണ് മുന്നോട്ടു പോകുന്നത്. ഇത്രയും പരിതാപകരമായി മാറിയത് ഈ വർഷമാണ്. 500 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. കംപ്യൂട്ടർ എൻജിനീയറിങ്, കംപ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിങ്, ഇലക്ട്രോണിക് എൻജിനീയറിങ് കോഴ്സുകളാണ് കോളജിലുള്ളത്. 15 ലക്ചറർ പോസ്റ്റുകളിൽ 14 എണ്ണം ഒഴിവാണ്. ഡെമോൻസ്ട്രേഷൻ വിഭാഗത്തിൽ 4 പോസ്റ്റുണ്ട്. 3 എണ്ണം ഒഴിഞ്ഞുകിടക്കുന്നു.
ട്രേഡ്സ്മാൻ തസ്തിക 7 എണ്ണമുണ്ട്. രണ്ടെണ്ണം ഒഴിവുണ്ട്. വർക്സ്ഷോപ് മേൽനോട്ടത്തിന് ആകെയുള്ള ഒരു പോസ്റ്റിലും ആളില്ല. അസിസ്റ്റന്റ് പ്രഫസർമാരായി 4 പേർ വേണ്ട കോളജിൽ 3 പോസ്റ്റും ഒഴിഞ്ഞുകിടക്കുകയാണ്. ഒരു അസിസ്റ്റന്റ് പ്രഫസറാണ് കോളജിന്റെ ആശ്രയം. ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലിഷ് പഠിപ്പിക്കാനാണ് അസിസ്റ്റന്റ് പ്രഫസർമാർ. ഇംഗ്ലിഷിന് മാത്രമാണ് അസിസ്റ്റന്റ് പ്രഫസറുള്ളത്. നിയമിക്കുന്ന അധ്യാപകരെല്ലാം തിരുവനന്തപുരം, കൊല്ലം മേഖലയിൽനിന്നാണ് എത്തുന്നത്.
വന്ന് 2 മാസത്തിനുള്ളിൽ സമ്മർദവും രാഷ്ട്രീയ ബന്ധവും ഉപയോഗിച്ച് ഇവിടുന്ന് സ്ഥലം മാറും. ഇതോടെ അധ്യാപക തസ്തികയിൽ ഒഴിവ് രൂപപ്പെടും. 2 വർഷത്തിന് ശേഷം കോളജ് പ്രവർത്തനം സജീവമായി വരുന്നതിനിടെയാണ് അധ്യാപക തസ്തികയിൽ ഇത്രയും ഒഴിവ്. ഗെസ്റ്റ് അധ്യാപകരെ നിയമിച്ചാണ് കോളജ് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്.