ഏലയ്ക്കയും, വാഹനവും മോഷ്ടിച്ച കേസിൽ കൂട്ടു പ്രതി അറസ്റ്റിൽ
രാജകുമാരി പുതകിലിൽ വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് 150 കിലോ ഏലക്കയും വീട്ടുടമയുടെ കാറും മോഷ്ടിച്ച് കടന്ന സംഭവത്തില്‍ യുവാവിനെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.പണിക്കന്‍കുടി താമഠത്തില്‍ അരുണ്‍ ബാബുവിനെയാണ് (18) പോലീസ് തങ്കമണിയിലെ ബന്ധുവീട്ടില്‍നിന്ന് പിടികൂടിയത്.
കഴിഞ്ഞ 12ന് രാവിലെയാണ് രാജകുമാരി പുതകില്‍ ഒടുതൂക്കിയില്‍ സിറിലിന്റെ വാഹനവും ഏലക്കയും മോഷണം പോയത്. നെടുങ്കണ്ടത്തിനുസമീപം കല്‍ക്കൂന്തലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ടുദിവസത്തിനുശേഷം വാഹനം കണ്ടെത്തിയിരുന്നു.
അറസ്റ്റിലായ അരുണിന്റ അമ്മാവന്‍ കാമാട്ടി ബിജുവാണ് കേസിലെ ഒന്നാം പ്രതിയെന്ന് പൊലീസ് പറഞ്ഞു. വലുതും ചെറുതുമായ അറുപതോളം മോഷണക്കേസുകളിലെ പ്രതിയായ ഇയാള്‍ ഒളിവിലാണ്.
സിറിലിന്റെ ഏലത്തോട്ടത്തില്‍ മുൻപ് ജോലി ചെയ്തിട്ടുള്ള ബിജു പുതകിലുള്ള ഇവരുടെ വീട്ടിലും വന്നിട്ടുണ്ട്. മോഷണം നടന്നതിന്റെ തലേന്ന് ബിജുവും അരുണും ബി.എല്‍ റാമിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തി താമസിച്ചു. രാവിലെ അവിടെനിന്ന് എന്‍. ആര്‍ സിറ്റിയില്‍ എത്തിയശേഷം ഓട്ടോ വിളിച്ച് പുതകിലില്‍ എത്തി.
താന്‍ ജോലി ചെയ്യുന്ന വീട്ടിലെ ഏലക്ക
കൊണ്ടുപോയി വില്‍ക്കാന്‍ മുതലാളി പറഞ്ഞ് ഏല്‍പിച്ചിട്ടുണ്ട് എന്നാണ് ബിജു അരുണിനോട് പറഞ്ഞത്. അരുണിനെ വഴിയില്‍ നിര്‍ത്തിയശേഷം ഇയാള്‍ സിറിലിന്റെ വീട്ടിലേക്ക് പോയി. കുറച്ചുസമയം കഴിഞ്ഞ് ഉടമയുടെ വാഹനത്തില്‍ ഏലക്കയുമായി തിരിച്ചുവന്നു. ഇരുവരും രാജാക്കാട് പെട്രോള്‍ പമ്പിൽ എത്തി വാഹനത്തില്‍ ഇന്ധനം നിറച്ചു. ഈ സമയത്ത് പമ്പിലെ സി.സി.ടി.വി കാമറയില്‍ അരുണിന്റെ റ ചിത്രം പതിഞ്ഞിരുന്നു. ഈ തെളിവ് പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
ഒന്നാം പ്രതിയായ ബിജു ഫോണ്‍ ഉപയോഗിക്കാറില്ല. സി.സി.ടി.വി കാമറകളില്‍ മുഖം പതിയാതിരിക്കാനും ജാഗ്രത പാലിക്കാറുണ്ട്. ഏലക്ക കൊണ്ടുപോയത് എവിടേക്കാണെന്ന് അറിയില്ലെന്നും കല്‍ക്കൂന്തലില്‍ വാഹനം നിര്‍ത്തിയശേഷം തന്നോട് ബസില്‍ വീട്ടിലേക്ക് പോകാന്‍ ബിജു പറഞ്ഞു എന്നുമാണ് അരുണ്‍ പറയുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.