കൊച്ചുതോവാളയിലെ ചിന്നമ്മയുടെ കൊലപാതകം; തെളിവുകൾ തേടി ക്രൈം ബ്രാഞ്ച്
കട്ടപ്പന: കട്ടപ്പന കൊച്ചുതോവാളയിലെ ചിന്നമ്മയുടെ കൊലപാതകം അന്വേഷണം ശക്തിപ്പെടുത്തി ക്രൈം ബ്രാഞ്ച്.ക്രൈം ബ്രാഞ്ച് എസ്.പി വി. യു കുര്യാക്കോസും സംഘവും കൊലപാതകം നടന്ന വീട് സന്ദർശിച്ചു. കുറ്റകൃത്യത്തിൽ സംശയ നിഴലിൽ നിൽക്കുന്ന ചിന്നമ്മയുടെ ഭർത്താവ് ജോർജിനെ വിശദമായ് ചോദ്യം ചെയ്തു. ഇന്നലെ രാവിലെ തന്നെ എസ് പിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം കട്ടപ്പനയിൽ എത്തിയിരുന്നു. മുൻപ് കേസന്വേഷിച്ച ഡി വൈ എസ് പി യിൽ നിന്നും, സർക്കിൾ ഇൻസ്പെക്ടറിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു പോലീസ് ക്വാട്ടേഴ്സിൽ ഒരു മണിക്കൂറോളം ഇവർ കൂടിക്കാഴ്ച്ച നടത്തി.
2021 ഏപ്രിൽ എട്ടാം തീയതിയാണ് കൊച്ചുതോവള, കൊച്ചുപുരയ്ക്കൽ ജോർജിൻറ ഭാര്യ ചിന്നമ്മ കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പിന്നീട് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. തുടർന്ന് എട്ടു മാസം ലോക്കൽ പോലീസ് കേസ് അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇതിനിടെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ പ്രത്യക്ഷ സമരത്തിലേയ്ക്ക് കടന്നതോടെ പോലീസ് സമ്മർദ്ദത്തിലായി. തുടർന്നാണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിന്
കൈമാറിയത്.സർക്കിൾ ഇൻസ്പെക്ടർ റ്റി എ യൂനസിനും സംഘത്തിനുമാണ് അന്വേഷണ ചുമതല. ചിന്നമ്മയുടെ ഭർത്താവ് ജോർജിനെ പല തവണ ചോദ്യം ചെയ്തെങ്കിലും തുമ്പ് ലഭിച്ചിരുന്നില്ല. മാസങ്ങൾക്ക് മുൻപ് ഇയാളെ പോളിഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും വിഫലമായി. കൊലപാതകം നടന്ന് ഒൻപതാം മാസത്തിലേയ്ക്ക് കടക്കുമ്പോൾ അന്വേഷണ സംഘത്തിന് മുൻപിലെ പ്രധാന വെല്ലുവിളി വ്യക്തമായ തെളിവുകളില്ലാത്തത് തന്നെയാണ്.