മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളലുകള്‍ ഉണ്ടായിട്ടില്ല; പുതിയ സത്യവാങ്മൂലവുമായി തമിഴ്‌നാട്
ചെറിയ ഭൂചലനങ്ങൾ കാരണം മുല്ലപെരിയാർ അണക്കെട്ടിന് വിള്ളലുകൾ ഉണ്ടായിട്ടില്ല എന്ന് തമിഴ്നാട് സർക്കാർ. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാൻ അനുവദിക്കണം എന്നും തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ മറുപടി സത്യവാങ്മൂലത്തിലാണ് തമിഴ്നാട് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ഹർജിക്കാരനായ ജോ ജോസഫ് ഫയൽ ചെയ്ത സത്യവാങ്മൂലത്തിനുള്ള മറുപടിയാണ് തമിഴ്നാട് സർക്കാർ ഫയൽ ചെയ്ത പുതിയ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചെറിയ ഭൂചലങ്ങൾ കാരണം അണക്കെട്ടിൽ വിള്ളലുകൾ ഉണ്ടായിട്ടുണ്ടെന്നാണ് ജോ ജോസഫ് ആരോപിച്ചിരുന്നത്. എന്നാൽ ഈ ആരോപണം തെറ്റാണെന്ന് തമിഴ്നാട് സർക്കാർ സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അണക്കെട്ടിന്റെ അന്തിമ റൂൾ കെർവ് തയ്യാറായിട്ടില്ല എന്ന കേരളത്തിന്റെ വാദം തെറ്റാണെന്നും തമിഴ്നാട് സർക്കാർ മറുപടി സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെയും, തമിഴ്നാടിന്റെയും അഭിപ്രായം കേട്ട ശേഷം കേന്ദ്ര ജലകമ്മീഷൻ റൂൾ കെർവ് തയ്യാറാക്കിയിട്ടുണ്ട്. ഇത് അനുസരിച്ച് ആണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നത് എന്നും തമിഴ്നാട് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
2014 ഭരണഘടന ബെഞ്ചിന്റെ വിധി പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെയായി ഉയർത്താം. അതിന് അനുവദിക്കണം എന്നും തമിഴ്നാട് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.