‘ആസാദി കാ അമൃത് മഹോത്സവം’; അറക്കുളം എഫ്.സി.ഐ. യില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ചടങ്ങുകളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവത്തിന്റെ’ ഭാഗമായി അറക്കുളം എഫ്.സ.ിഐ (ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) ഡിപ്പോയില്‍ ആഘോഷ പരിപാടി നടത്തി. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ അറക്കുളം ഫുഡ് സ്റ്റോറേജ് ഡിപ്പോ നിര്‍ണായക പങ്ക് വഹിച്ചതായി മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യ പ്രഭാഷണം നടത്തി.
1965 മുതല്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സ്വയം പര്യാപ്തവും ഭക്ഷ്യയോഗ്യവുമായ രാജ്യം കെട്ടിപ്പടുക്കുന്നതില്‍ വഹിച്ച പങ്കിനെക്കുറിച്ച് എം.പി. മുഖ്യപ്രഭാഷണത്തില്‍ അനുസ്മരിച്ചു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കേരള മേഖല ജനറല്‍ മാനേജര്‍ വി.കെ.യാദവ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ എഫ്.സി.ഐ വഴി നടപ്പാക്കിയ ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന’ (പി.എം.ജി.കെ.എ.വൈ.) പദ്ധതി ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്തതായി അദ്ധ്യക്ഷ പ്രസംഗത്തില്‍ വി.കെ.യാദവ് വിശദീകരിച്ചു. എഫ്.സി.ഐ കോട്ടയം ഡിവിഷണല്‍ മാനേജര്‍ എസ്.ശ്രീജിത്ത് സ്വാഗതം പറഞ്ഞു.
അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ.എസ്., താലൂക്ക് സപ്ലൈ ഓഫീസര്‍ ബൈജു.കെ.ബാലന്‍, എഫ്.സി.ഐ അറക്കുളം ഡിപ്പോ മാനേജര്‍ എ.ആര്‍.ഹരിലാല്‍, കോട്ടയം ഡിപ്പോ മാനേജര്‍ ഷെബീബ് പി.ഐ., ജീവനക്കാര്‍, തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ സംസാരിച്ചു.ആസാദി കാ അമൃത് മഹോത്സവത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പുള്ളിക്കാനം ടീ എസ്റ്റേറ്റിലെ തൊഴിലാളി ലയങ്ങളില്‍ പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തിരുന്നു.