ദൂതൻ മുഖേനെ അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ രാജി; മടക്കി അയച്ച് സെക്രട്ടറി
കട്ടപ്പന:അഴിമതി ആരോപണത്തെ തുടർന്ന് അവധിയില്‍ പ്രവേശിച്ച അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി നന്ദകുമാറിന്റെ രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് എത്തിയത് ദൂതൻ മുഖേനെ.രാജിക്കത്ത് നല്‍കിയതിൽ പഞ്ചായത്ത് രാജ് നിയമങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് സെക്രട്ടറി രാജി തള്ളിക്കളഞ്ഞു.നേരിട്ടോ,ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ രജിസ്റ്റേര്‍ഡ് തപാലിലോ ആകണം രാജിക്കത്ത് നൽകാൻ നിയമം അനുവദിക്കുന്നത്. ഇക്കാരണത്താൽ പ്രസിഡന്റിന്റെ വീട്ട് വിലാസത്തിലേയ്ക്ക് തപാൽ മാർഗ്ഗം രാജിക്കത്ത് സെക്രട്ടറി തിരിച്ചയയ്ക്കുകയും ചെയ്തു.
ഈ മാസം 12നാണ് ആരോഗ്യപരമായ കാരണം പറഞ്ഞ് പ്രസിഡന്റ് 15 ദിവസത്തെ അവധിയില്‍ പ്രവേശിച്ചത്.വ്യാഴാഴ്ച രാവിലെയാണ് സ്വന്തം പാർട്ടിദൂതൻ വഴി കത്ത് സെക്രട്ടറിയുടെ ക്യാബിനിൽ എത്തിച്ചത്.അതേസമയം രാജി നല്‍കുന്ന വിവരം പാര്‍ട്ടി നേതൃത്വവും അറിഞ്ഞില്ല.അവധിയില്‍ പ്രവേശിച്ച ശേഷം പഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ നന്ദകുമാര്‍ എവിടെയാണ് എന്നതിൽ സൗപ്രവർത്തകർക്കോ,പാർട്ടി നേതൃത്വത്തിനോ അറിവുണ്ടായിരുന്നില്ല എന്നാണ് സൂചന.തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി, പഞ്ചായത്തിലെ താല്‍ക്കാലിക നിയമനങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഭരണ സമിതിയിൽ അഭിപ്രായ ഭിന്നതയുണ്ട്. ഇതാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിയിലേക്ക് നയിച്ചത്. പ്രസിഡന്റിന്റെ രാജി വിവരം അറിഞ്ഞയുടന്‍ സി പി ഐ നേതാക്കൾ പഞ്ചായത്തിലെത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോന്‍ വെട്ടിക്കാലായ്ക്കാണ് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നൽകിയിരിക്കുന്നത്.