ഓട്ടമില്ലാതായതോടെ വൻ സാമ്പത്തിക പ്രതിസന്ധിയിലാണ് ടൂറിസ്റ്റ് ബസുടമകൾ
കട്ടപ്പന :ഓട്ടമില്ലാതായതോടെ വൻ സാമ്പത്തിക പ്രതിസന്ധിയിലാണ് ടൂറിസ്റ്റ് ബസുടമകൾ. ഭൂരിഭാഗം ഉടമകളും വായ്പയെടുത്താണ് ഈ വ്യവസായവുമായി മുന്നോട്ട് പോയിരുന്നത്. ഓഗസ്റ്റ് വരെ മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിച്ചു. എന്നാൽ സെപ്റ്റംബറിൽ വായ്പയെടുത്ത സ്ഥാപനങ്ങൾ തിരിച്ചടവിന് നിർബന്ധം തുടങ്ങിയിരിക്കുകയാണ്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ അടവുകൾ തെറ്റി. നവംബറിലേത് കൂടി തെറ്റുന്നതോടെ വായ്പ നൽകിയ സ്ഥാപനങ്ങൾ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉടമകളെ അറിയിക്കാൻ തുടങ്ങിയിട്ടുണ്ട് . വാഹനം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട രേഖകൾ കോടതി വഴിയാണ് വായ്പ നൽകിയവർ നേടിയെടുക്കുന്നത്. വായ്പ നൽകിയ സ്ഥാപനങ്ങൾക്ക് കോടതി നടപടികളുടെ പണവും ഉടമകൾ നൽകേണ്ടി വരും.കോവിഡ് പ്രതിസന്ധിയിൽ അടച്ചിട്ട കേന്ദ്രങ്ങൾ തുറന്നെങ്കിലും യാത്രയ്ക്കുള്ള തയ്യാറെടുപ്പ് ആർക്കുമില്ല. ഇതിനിടെ കെ.എസ്.ആർ.ടി.സി ബസുകൾ വിവിധ ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് സർവ്വീസ് ആരംഭിച്ചതും ടൂറിസ്റ്റ് ബസ് ഉടമകളെ കുഴയ്ക്കുന്നുണ്ട്.
നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചിട്ടും ഇതുവരെ ബുക്കിങ്ങുകൾ തുടങ്ങാനായിട്ടില്ലെന്ന് ബസുടമകൾ പറയുന്നു. ശബരിമല മണ്ഡലകാല സീസണിൽ നല്ല ബുക്കിങ് ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ അതുമില്ല. വിവാഹ ഓട്ടങ്ങളും ഗണ്യമായി കുറഞ്ഞു.. സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള സമയത്താണ് സ്കൂൾ, കോളേജ്, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദയാത്രകൾ അധികവും ലഭിക്കുന്നത്. ആ പ്രതീക്ഷയും ഇത്തവണ ഉടമകൾക്കില്ല.
ബസുകൾ ഓടാതെ നിർത്തിയിട്ടിരിക്കുന്നതും വലിയ നഷ്ടമാണ് വരുത്തുന്നത്.ടൂറിസ്റ്റ് ബസുകളിൽ ഭൂരിഭാഗവും എയർകണ്ടീഷൻ സംവിധാനമുള്ളതാണ്. എ.സി.യിൽ ഗ്യാസ് ചോർച്ചയുണ്ടായാൽ മാറ്റുന്നതിന് 20,000 രൂപയിലേറെയാകും. ബാറ്ററി, ടയർ, ഇലക്ട്രിക്കൽ തകരാറുകളും ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തുന്നത്. ഉടമകൾക്ക് പുറമേ ആയിരക്കണക്കിന് പേർ ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം തേടിയിരുന്നു. ജീവനക്കാരിൽ ഭൂരിഭാഗം പേരും മറ്റ് തൊഴിലിടങ്ങളിലേക്ക് ചേക്കേറിയെന്നതും ഈ മേഖലയുടെ തകർച്ച വ്യക്തമാക്കുന്നതാണ്.