കട്ടപ്പന നഗരസഭയിലേയ്ക്ക് വരുന്നവർ സൂക്ഷിക്കുക, നോക്കി നടന്നില്ലെങ്കിൽ ചെളിയിൽ കുളിക്കേണ്ടി വരും. നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം ഇളകിയ തറയോടുകളാണ് വില്ലൻ
കട്ടപ്പന : കട്ടപ്പന നഗരസഭാ കാര്യാലയത്തിന് മുൻപിലെ ഇളകിയ തറയോടുകൾ ഇനിയും പുന:സ്ഥാപിക്കാനായില്ല.വർഷങ്ങൾക്ക് മുൻപാണ് നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം കാര്യാലയത്തിന് മുൻപിലെ തറയോടുകൾ ഇളകി തുടങ്ങിയത്. മഴ കനത്തതോടെ ചെളിയും,വെള്ളക്കെട്ടും രൂക്ഷമായി.തറയോടിലേയ്ക്ക് കാലെടുത്ത് വച്ചാൽ ചെളി ദേഹത്തേയ്ക്ക് തെറിയ്ക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
നഗരസഭയിലേയ്ക്ക് വാഹനങ്ങൾ കടന്ന് വരുമ്പോഴും സമാന അവസ്ഥയാണ്.ദിവസേന നിരവധിയാളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്നത്. പലയാളുകൾക്കും വസ്ത്രത്തിൽ ചെളി പുരണ്ട് തിരികെ മടങ്ങേണ്ടിയും വരുന്നുണ്ട്. തറയോടുകൾ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാരടക്കം രംഗത്ത് വന്നിരുന്നു.
പ്രതിക്ഷേധം കനത്തപ്പോൾ മഴ ശമിച്ചാലുടൻ ഓടുകൾ ഉറപ്പിക്കുന്ന ജോലികൾ ആരംഭിക്കുമെന്നാണ് ഭരണ സമിതി പറഞ്ഞത്. ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഇളകിയ തറയോടുകൾ ഉറപ്പിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ബി. ജെ പി ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല പറഞ്ഞു.