തമിഴ്നാട്ടിൽനിന്ന് പാൽ എത്തിച്ച് വിതരണം നടത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന പുറ്റടി ക്ഷീരോൽപ്പാദക സഹകരണ സംഘം ഭരണസമിതി പിരിച്ചുവിട്ടു
തമിഴ്നാട്ടിൽനിന്ന് പാൽ എത്തിച്ച് വിതരണം നടത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന പുറ്റടി ക്ഷീരോൽപ്പാദക സഹകരണ സംഘം ഭരണസമിതി പിരിച്ചുവിട്ടു. നാല് അംഗങ്ങൾ രാജി വെച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഭരണസമിതിയെ പിരിച്ചുവിട്ടത്. അടുത്ത തെരഞ്ഞെടുപ്പ് വരെ അഡ്മിനിസ്ട്രേറ്റർ ഭരണം ഏറ്റെടുക്കും.
പുറ്റടി ക്ഷീരോത്പാദക സഹകരണ സംഘത്തിൽ പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ചില ഭരണസമിതി അംഗങ്ങളുടെ ഒത്താശയോടെ തമിഴ്നാട്ടിൽ നിന്നും കുറഞ്ഞ നിരക്കിൽ പാൽ എത്തിച്ച് സംഘത്തിലെ കർഷകരുടെ പേരിൽ അളക്കുകയും ഉയർന്ന വിലക്ക് വില്പന നടത്തുകയും ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. മിൽമ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇത് ശരിയാണെന്ന് തെളിയുകയും ചെയ്തു. ഇതിന്റെ തുടർ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് പ്രസിഡണ്ട് അടക്കമുള്ള ചില ഭരണസമിതി അംഗങ്ങളുടെ പ്രവർത്തനത്തിൽ വിയോജിച്ചു കൊണ്ട് നാല് ബോർഡ് മെമ്പർമാർ രാജിവെച്ചത്. ഇതോടെ ഭരണസമിതിയുടെ ഭൂരിപക്ഷം നഷ്ടപ്പെടുകയും പിരിച്ചുവിടാൻ ക്ഷീരവികസനവകുപ്പ് തീരുമാനിക്കുകയുമായിരുന്നു. അലക്സ് പനക്കക്കുഴി,
സജി ചെട്ടിശ്ശേരിൽ,
അംബിക സുകുമാരൻ,
പൊന്നമ്മ കുര്യൻ എന്നിവരാണ് ഭരണസമിതി അംഗത്വം രാജി വെച്ചത്. അടുത്ത മൂന്നു മാസ കാലാവധിക്കുള്ളിൽ വോട്ടെടുപ്പ് നടത്തി പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കുമെന്ന് ക്ഷീരവികസന വകുപ്പ് അധികൃതർ അറിയിച്ചു. പുതിയ ഭരണസമിതി നിലവിൽ വരുന്നതുവരെ അഡ്മിനിസ്ട്രേറ്റർക്ക് ചുമതല നൽകും. പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും രാജിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം കോൺഗ്രസിൻറെ നേതൃത്വത്തിൽ ക്ഷീരകർഷകർ സംഘം ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിരുന്നു.