സാക്ഷരതാ മിഷന്‍ പിന്തുണയേകി, വൈകല്യം തോല്പിക്കാന്‍ ഒരുങ്ങിയ ലോറന്‍സ് പാഠ്യരംഗത്ത് മികവിലേയ്ക്ക് .
പെരുവന്താനം കൊല്ലക്കൊമ്പില്‍ ലോറന്‍സ് (32) ജന്മനാ ഭിന്നശേഷിക്കാരനാണ്. രണ്ട് കാലുകള്‍ക്കും സ്വാധീനമില്ല.ശിരസ് നേരെ നില്ക്കില്ല. ബലം ഇല്ലാത്തതിനാല്‍ കൈകള്‍ കൊണ്ടും ഒന്നും ചെയ്യാനാകുന്നില്ല. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും ലോറന്‍സിനെ കസേരയില്‍ ഇരുത്തി മാതാവ് റോസമ്മ എടുത്ത് കൊണ്ടു പോകണം. സ്‌കൂളില്‍ പോകാനും അക്ഷരം പഠിക്കാനും ലോറന്‍സിന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വൈകല്യങ്ങള്‍ അതിന് അനുവദിച്ചില്ല.ലോറന്‍സിന്റെ മനസ്സിലെ ആഗ്രഹം അറിയാമായിരുന്ന മാതാവ് റോസമ്മ പെരുവന്താനം പഞ്ചായത്തിലെ പ്രേരക് ഷിജിമോള്‍ ജോര്‍ജ്ജിനെ ഒരിക്കല്‍ പഞ്ചായത്തില്‍ വച്ചു കണ്ടുമുട്ടിയപ്പോള്‍ ലോറന്‍സിന്റെ ആഗ്രഹം അറിയിച്ചു.തുടര്‍ന്ന് ഷിജിമോള്‍ 2020 ഫെബ്രുവരിയില്‍ ലോറന്‍സിനെ സാക്ഷരതാ മിഷന്റെ സാക്ഷരതാ പഠിതാവായി രജിസ്റ്റര്‍ ചെയ്തു.തുടര്‍ന്ന് ഷിജിമോളുടെയും മാതാവ് റോസമ്മയുടെയും സഹായത്തോടെ സാക്ഷരതാ പാഠാവലി ഉപയോഗിച്ച് പഠനം.
ഇപ്പോള്‍ നന്നായി മലയാളം വായിക്കാനും ബലക്ഷയമുള്ള കൈകള്‍ കൊണ്ട് പരസഹായത്തോടെ എഴുതാനും കഴിയും. നവംബര്‍ 7 ന് ആരംഭിച്ച സംസ്ഥാന സാക്ഷരതാ മിഷന്റെ ‘മികവുത്സവം’ സാക്ഷരതാ പരീക്ഷ എഴുതിയിരിക്കുകയാണ് ലോറന്‍സ്. മാതാവ് റോസമ്മയുടെയും പ്രേരക് ഷിജിമോളുടെയും സഹായത്തോടെ ആയിരുന്നു പരീക്ഷ എഴുതിയത്. സാക്ഷരതാ പരീക്ഷയില്‍ വിജയിച്ച് നാലാംതരത്തിലും ചേര്‍ന്ന് പഠിക്കണം ലോറന്‍സിന്.തുടര്‍ന്ന് കംപ്യൂട്ടര്‍ പഠിച്ച് സ്വന്തമായി വരുമാനം നേടണമെന്നും അമ്മയെ സഹായിക്കണമെന്നുമാണ് ആഗ്രഹം. പിതാവ് ജോസ്.രണ്ട് സഹോദരിമാര്‍ കൂടിയുണ്ട് ലോറന്‍സിന്.