നാല് യാത്രക്കാരുമായി കാർ പുഴയിലേക്കു മറിഞ്ഞു; ജീവൻ പണയപ്പെടുത്തി രക്ഷകരായി ഓട്ടോറിക്ഷാ ഡ്രൈവർമാർ
മുണ്ടിയെരുമ∙ കല്ലാർ പുഴയിലേക്ക് കാർ മറിഞ്ഞ് 4 യാത്രക്കാർ കാറിനുള്ളിൽ കുടുങ്ങി. മുണ്ടിയെരുമ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ജീവൻ പണയപ്പെടുത്തി എല്ലാവരെയും രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 8.30ന് എഴുകുംവയൽ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. പെയിന്റിങ് തൊഴിലാളികളായ ഇവർ ജോലി സ്ഥലത്തേക്ക് വരുന്നതിനിടെയാണ് അപകടം. പാലത്തിനു സമീപത്തെ പോക്കറ്റ് റോഡിലേക്ക് കയറുന്നതിനിടെ കാറിന്റെ സ്റ്റിയറിങ് തകരാറിലായി വാഹനം നിയന്ത്രണം വിട്ട് കല്ലാറ്റിലേക്ക് പതിക്കുകയായിരുന്നു.
ശക്തമായ നീരൊഴുക്കും ഒരാൾ താഴ്ചയമുള്ള ഭാഗത്തേക്കാണ് കാർ പൂർണമായും മുങ്ങിയത്. ഈ സമയം പാലത്തിലൂടെ വന്ന വീട്ടമ്മ അപകടം കണ്ട് അലമുറയിട്ടു. വീട്ടമ്മയുടെ കരച്ചിൽ കേട്ട് മുണ്ടിയെരുമ ടൗണിലെ ഓട്ടോറിക്ഷ ഓടിക്കുന്ന ഷാജി കുര്യൻ, പുളിമൂട്ടിൽ അബ്ദുൽ സലാം, അനീഷ് ജോർജ് ചെരിവുകാലായിൽ, അഭിലാഷ് പാപ്പാലയിൽ എന്നിവർ ഓടിയെത്തുകയായിരുന്നു. കാറിനുള്ളിൽ യാത്രക്കാരുണ്ടെന്ന കണ്ടതോടെ 4 പേരും പുഴയിലേക്ക് ചാടി. കാറിന്റെ ഡോർ തുറന്ന് 4 പേരെയും പുറത്തെടുത്തു.
ഒരാളുടെ കൈക്ക് പൊട്ടലും 3 പേർക്ക് സാരമായ പരുക്കുമുണ്ട്. 4 പേരെയും ആശുപത്രിയിലേക്ക് മാറ്റിയ ശേഷം നാട്ടുകാരുടെ സഹായത്തോടെ കാറും കല്ലാറ്റിൽനിന്നു പുറത്തെടുത്തു. മുണ്ടിയെരുമയിൽ നിർമാണം പൂർത്തിയാകുന്ന വീടിന്റെ പെയ്ന്റിങ് ജോലികൾക്കായാണ് ഇവർ എത്തിയത്. കോമ്പയാർ റോഡിലെ പാലം കടന്ന കായംകുളംപടി റോഡിലേക്ക് തിരിയുന്നതിനിടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡിൽനിന്നു തെന്നിനീങ്ങി, പാലത്തിന് സമീപത്തായി നിർമിച്ചിരിക്കുന്ന കൽകെട്ടിലേക്ക് പതിച്ചു.
ഇവിടെനിന്നു വാഹനം തലകുത്തി മറിഞ്ഞ് പുഴയിലേക്ക് പതിക്കുകയായിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ പുഴയിലൂടെയുള്ള നീരൊഴുക്ക് ശക്തമാണ്. ഇതിനാൽ സമീപത്തെ വീട്ടിൽനിന്നു കയർ എത്തിച്ച് വാഹനം ഒഴുകിപ്പോകാതെ പുഴയോരത്തെ മരത്തിൽ കെട്ടിയിട്ടു. തുടർന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് കാർ പുഴയിൽനിന്നു റോഡിലേക്കു കയറ്റിയത്. വാഹനം പൂർണമായി തകർന്ന അവസ്ഥയിലാണ്. നെടുങ്കണ്ടം പൊലീസും സ്ഥലത്തെത്തിയിരുന്നു.