റോഡിന് വീതിയില്ല; വീർപ്പുമുട്ടി ഉപ്പുതറ പട്ടണം
ഉപ്പുതറ: ടൗണിൽ റോഡിന് വീതികൂട്ടാൻ നടപടിയില്ല. വികസനമില്ലാത്തതിനാൽ ടൗണിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. വിവിധ ആവശ്യങ്ങൾക്കായി ടൗണിൽ എത്തുന്നവരുടെ വാഹനങ്ങൾ റോഡരികിൽ പാർക്കു ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. കടകൾക്കുമുന്നിൽ വാഹനം പാർക്കുചെയ്യുന്നത് വ്യാപാരികൾക്കും ബുദ്ധിമുട്ടാണ്. എന്നാൽ, ഉപഭോക്താക്കളായതിനാൽ എതിർക്കാറില്ല.
ടൗണിൽ എത്തുന്നവർക്ക് വാഹനം പാർക്കുചെയ്യാൻ മറ്റൊരു സൗകര്യവും ഉപ്പുതറയിലില്ല. കട്ടപ്പന നഗരസഭയുടെയും കാഞ്ചിയാർ, അയ്യപ്പൻ കോവിൽ, ഇരട്ടയാർ പഞ്ചായത്തുകളുടെയും മാതൃപഞ്ചായത്താണ് ഉപ്പുതറ. അവിടെയെല്ലാം റോഡുകൾ വികസിപ്പിച്ചു.
തേക്കടി-കൊച്ചി സംസ്ഥാനപാതയുടെ ഭാഗമായ ടൗൺ റോഡിൽ മാർഗതടസ്സം സൃഷ്ടിച്ചു നിൽക്കുന്ന വൈദ്യൂതിത്തൂണുകൾ മാറ്റി സ്ഥാപിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം അധികൃതർ ഇതുവരെ ചെവിക്കൊണ്ടില്ല.
ഓടമൂടിയ സ്ലാബുകൾ പലതും തകർന്നു. വളകോട് മുതൽ പരപ്പുവരെ വീതികൂട്ടി ബി.എം.ബി.സി. നിലവാരത്തിൽ നിർമാണം നടത്താൻ എട്ട് കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, ടൗണിൽ വീതി കൂട്ടണമെങ്കിൽ വ്യാപാരികളുടെ സഹകരണം വേണം. ഇതിനുള്ള ഒരുനടപടിയും പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും ഇതുവരെ സ്വീകരിച്ചിട്ടില്ല.