മരംമുറി അനുമതി ആരറിഞ്ഞ്; അന്തംവിട്ട് മന്ത്രി,മുഖ്യമന്ത്രി അറിഞ്ഞെന്ന് പ്രതിപക്ഷം
മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം നൽകിയ അനുമതിയെ ചൊല്ലി വിവാദം ശക്തമാകുന്നു. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വനംമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും.
താൻ അറിയാതെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഭവം അറിഞ്ഞില്ലെന്ന് ജവവിഭവ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്താൻ മരങ്ങൾ മുറിച്ച് നീക്കണമെന്നും അതിന് കേരളം സഹകരിക്കുന്നില്ലെന്നുമാണ് മന്ത്രി എസ് ദുരൈമുരുഗൻ നേരത്തേ ആരോപിച്ചിരുന്നത്. എന്നാൽ അനുമതി വന്നതോടെ, വർഷങ്ങളായുള്ള തമിഴ്നാട് സർക്കാരിന്‍റെ ആവശ്യം അംഗീകരിച്ച കേരള സർക്കാരിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിണറായിക്ക് കത്തെഴുതി. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ബലപ്പെടുത്താനിത് സഹായിക്കുമെന്നും കത്തിൽ സ്റ്റാലിൻ പറയുന്നു. വണ്ടിപ്പെരിയാറിനും പെരിയാർ ഡാമിനും ഇടയിലുള്ള റോഡിന്‍റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള അനുമതി നൽകണമെന്നും സ്റ്റാലിൻ പിണറായിക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.
മരങ്ങൾ വെട്ടുന്നതോടെ തമിഴ്നാട് ബേബി ഡാം ബലപ്പെടുത്താനുള്ള പണി തുടങ്ങും. ഇതിന് ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് നീക്കം. മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് ദുരൈമുരുഗൻ പരസ്യമായി പ്രഖ്യാപിച്ചതോടെ കടുത്ത ആശങ്കയാണ് പെരിയാർ തീരത്ത് നിലനിൽക്കുന്നത്.
ജലനിരപ്പ് 136 അടിയിലെത്തുമ്പോൾ തന്നെ പെരിയാർ തീരത്തെ ആളുകൾ ആശങ്കയിലാകും. ഓരോ തവണ ഷട്ടർ തുറക്കുമ്പോഴും സാധനങ്ങൾ കെട്ടിപ്പെറുക്കി ക്യാമ്പിലേക്ക് മാറാൻ തയ്യാറെടുക്കണം. പുതിയ ഡാം വേണമെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും നടപടികൾ ഒന്നും പുരോഗമിക്കുന്നില്ല. പേടി കൂടാതെ ജീവിക്കണമെങ്കിൽ പുതിയ ഡാം വേണമെന്നാണ് പെരിയാർ തീരത്തുള്ളവർ പറയുന്നത്. ഡിസംബറിൽ കേരള – തമിഴ്നാട് മുഖ്യമന്ത്രിമാർ തമ്മിലുള്ള ചർച്ചയിൽ ഇക്കാര്യത്തിൽ പുരോഗതി ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മന്ത്രി ദുരൈമുരുകന്‍റെ പ്രസ്താവന പ്രതീക്ഷ ഇല്ലാതാക്കി.
ജലനിരപ്പ് 142 അടിയിൽ എത്തുന്നതിനു മുമ്പേ സ്പിൽവേ ഷട്ടർ തുറന്നതു സംബന്ധിച്ച് തമിഴ്നാട്ടിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രതിഷേധം തണുപ്പിക്കാൻ ബേബിഡാം ബലപ്പെടുത്തൽ ജോലികൾ തുടങ്ങാനുള്ള നടപടികൾ തമിഴ്നാട് വേഗത്തിലാക്കിയേക്കും.