അങ്കമാലി അതിരൂപത ഭൂമിയിടപാട്: സർക്കാർ റിപ്പോർട്ട് കർദിനാളിന് അനുകൂലം; സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്
കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപത ഭൂമിയിടപാടിൽ സർക്കാർ റിപ്പോർട്ട് കർദിനാളിന് അനുകൂലം. ഭൂമിയിടപാടിൽ സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. അസി. ലാന്‍ഡ് റവന്യൂ കമ്മീഷണർ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിൽ സർക്കാരിന്റെ പുറമ്പോക്ക് ഭൂമി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും വിപണനം നടത്തിയ ഭൂമിയിൽ ഇതുകൂടി ഉണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച ഹർജി പരിഗണിക്കവേ സര്‍ക്കാര്‍ ഭൂമിയുണ്ടോ എന്ന് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടർന്നാണ് സംസ്ഥാന ലാൻഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിൽ തന്നെ ഭൂമിയിടപാട് സംബന്ധിച്ച അന്വേഷണം തുടങ്ങിയത്. വിൽപന നടത്തിയ ഭൂമിയുടെ മുഴുവൻ രേഖകളും സ്ഥലത്തും പരിശോധന നടത്തിയ ശേഷമാണ് കമ്മീഷൻ ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് കുറച്ചെങ്കിലും ആശ്വാസം നൽകുന്നതാണ് ആണ് ഈ റിപ്പോർട്ട് . ആരോപണം ഉയർന്ന ഭൂമി ബ്രദേഴ്സ് ഓഫ് റോമന്‍ കാത്തലിക് കമ്യൂണിറ്റിയാണ് സഭയ്ക്ക് നല്‍കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.അതേ സമയം സഭ ഭൂമി വിൽപ്പനയിലെ കള്ളപ്പണ ഇടപാടിൽ ഇഡി കേസ് എടുത്ത് അന്വേഷണം പുരോഗമിക്കുകയാണ് . സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരെ പ്രതികളാക്കിയാണ് അന്വേഷണം. ഭൂമി വിൽപനയിലെ നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് ആറരകോടി രൂപ നേരത്തെ പിഴയിട്ടിരുന്നു.