ഇടുക്കിയിലെ ഇ എസ് എ ആശങ്കകൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അഡ്വ. സംഗീത വിശ്വനാഥൻ

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച ഏറ്റവും പുതിയ കരട് വിജ്ഞാപനത്തെ തുടർന്ന് ഇടുക്കിയിലെ കർഷകരും ജനങ്ങളും നേരിടുന്ന ആശങ്കകൾ ചർച്ച ചെയ്യുന്നതിനായി ബി ഡി ജെ എസ് ജില്ലാ നേതൃത്വത്തിന്റെ യോഗം നെടുങ്കണ്ടത്ത് ചേർന്നു.
ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ്പ്രഭ, ജില്ലാ സെക്രട്ടറി സന്ദീപ് ഇ യു, സംസ്ഥാന കമ്മിറ്റി അംഗം പാർത്ഥേശൻ ശശികുമാർ, ഉടുമ്പഞ്ചോല മണ്ഡലം പ്രസിഡണ്ട് അജി മുട്ടുകാട്, സുനിൽ വിഷ്ണു മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കൃഷിഭൂമികളും ജനവാസ മേഖലകളും ഇ എസ് എ പരിധിയിൽ ഉൾപ്പെടുന്നതിലുള്ള ആശങ്ക യോഗം രേഖപ്പെടുത്തി. പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെങ്കിലും, തലമുറകളായി ഈ മലയോര മേഖലകളിൽ താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ജനങ്ങളുടെ വീടും കൃഷിഭൂമിയും ഉപജീവനവും അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.
യോഗം അംഗീകരിച്ച വിശദമായ നിവേദനം, വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ്പൈസസ് ബോർഡ് ചെയർപേഴ്സണും ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. സംഗീത വിശ്വനാഥന് കൈമാറി.
വിഷയം ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി ഇടുക്കിയിലെ ജനങ്ങളുടെ ആശങ്കകൾ കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിക്കുമെന്ന് അഡ്വ. സംഗീത വിശ്വനാഥൻ ഉറപ്പുനൽകി.
“പശ്ചിമഘട്ടത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കണമെന്നതിൽ യാതൊരു തർക്കവുമില്ല. എന്നാൽ തലമുറകളായി ഈ മണ്ണിനോടൊപ്പം ജീവിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ജനങ്ങളെ അവഗണിച്ചുകൊണ്ടാകരുത് പരിസ്ഥിതി സംരക്ഷണം. ഇടുക്കിയിലെ കർഷകരുടെയും സാധാരണ ജനങ്ങളുടെയും വീടും ഉപജീവനവും നിയമപരമായ അവകാശങ്ങളും സംരക്ഷിക്കപ്പെടണം.”
ഇ എസ് എ അന്തിമമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ശാസ്ത്രീയമായ പരിശോധനയും സുതാര്യമായ അതിർത്തി നിർണ്ണയവും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള കൂടിയാലോചനയും ഉറപ്പാക്കണമെന്നും അഡ്വ. സംഗീത വിശ്വനാഥൻ ആവശ്യപ്പെട്ടു.








































































































































