താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് 17 മുതൽ പ്രവർത്തനം തുടങ്ങിയേക്കും
കട്ടപ്പന ∙ സാങ്കേതിക തടസ്സങ്ങൾ മാറിയതോടെ ഈ മാസം പകുതിയോടെ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കാൻ സാധ്യത. കഴിഞ്ഞ മാസം പ്രവർത്തനം ആരംഭിക്കാൻ നീക്കം നടത്തിയിരുന്നെങ്കിലും ആർഒ(റിവേഴ്‌സ് ഓസ്‌മോസിസ്) ജല പരിശോധനയിൽ അണുക്കളുടെ സാന്നിധ്യം കണ്ടതിനാൽ വീണ്ടും നടപടികൾ പൂർത്തിയാക്കേണ്ടി വന്നു. പരിശോധനാ ഫലം അനുകൂലമായതോടെയാണ് ഈമാസം തന്നെ പ്രവർത്തനം ആരംഭിക്കാൻ നടപടി തുടങ്ങിയത്.
ഇനി ട്രയൽ റൺ നടത്തി തുടർ നടപടികൾ പൂർത്തിയാക്കും. കോവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിയോഗിച്ചിരുന്ന ജീവനക്കാരെ ഒഴിവാക്കിയതിനാൽ പകരം ജീവനക്കാരെ നിയമിക്കാനുള്ള കൂടിക്കാഴ്ച അടുത്ത ദിവസങ്ങളിൽ നടക്കും. 17ന് പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് 8 മാസമായിട്ടും പ്രവർത്തനം തുടങ്ങാത്തതിന് എതിരെ പ്രതിഷേധം ശക്തമാണ്. ഫെബ്രുവരി 16ന് അന്നത്തെ മന്ത്രി കെ.കെ.ഷൈലജയാണ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
പണികൾ പൂർത്തിയാകുന്നതിനു മുൻപ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉദ്ഘാടനം നടത്തിയെന്ന് ആരോപിച്ച് യുഡിഎഫ് ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നു. 3.6 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടവും യൂണിറ്റും നിർമിച്ചിരിക്കുന്നത്. 10 കിടക്കകളാണ് ഡയാലിസിസ് യൂണിറ്റിൽ ഉള്ളത്. പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിർമിച്ചത്. നിപ്രോയാണ് ഡയാലിസിസ് യൂണിറ്റിലേക്ക് ആവശ്യമായ മെഷീനുകൾ എത്തിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് 40 രോഗികൾക്ക് കിടത്തി ചികിത്സ ലഭ്യമാക്കാൻ കഴിയുന്ന വാർഡും ക്രമീകരിച്ചിട്ടുണ്ട്.
ഒരു രോഗിക്ക് ഡയാലിസിസ് ചെയ്ത് പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം. മറ്റു പ്രശ്‌നങ്ങൾ ഇല്ലെന്ന് ബോധ്യപ്പെട്ടാൽ എണ്ണം കൂട്ടും. ഡയാലിസിസ് യൂണിറ്റിന്റെ മുൻപിലൂടെയുള്ള റോഡിന്റെ നിർമാണത്തിനും രണ്ടാം നിലയിലേക്ക് റാംപ് നിർമിക്കാനുമായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിനാണ് ഇതിന്റെ നിർമാണ ചുമതല. കൂടാതെ ജില്ലാ വികസന കമ്മിഷണർ ഇടപെട്ട് ഫണ്ട് അനുവദിച്ച് ലിഫ്റ്റ് നിർമിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.