ഇന്ത്യയുടെ സ്വന്തം വാക്സീന് അംഗീകാരം: കോവാക്സീന് ഡബ്ല്യുഎച്ച്ഒ അനുമതി
ന്യൂഡൽഹി ∙ ലോകത്തിന്റെ വാക്സീൻ വിപണിയും ഫാർമസിയുമായി അറിയപ്പെടുന്ന ഇന്ത്യ, സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്ത ‘ആത്മനിർഭർ വാക്സീന്’ ഒടുവിൽ അംഗീകാരം. കേന്ദ്ര സർക്കാർ അഭിമാനമായി ചൂണ്ടിക്കാട്ടുന്ന ആദ്യ തദ്ദേശ വാക്സീൻ കോവാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കോവാക്‌സീന്‍ ഉപയോഗിക്കാനാണ് അനുമതി. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്നിക്കല്‍ അഡ്‌വൈസറി ഗ്രൂപ്പാണ് കോവാക്സീന്റെ എമര്‍ജന്‍സി യൂസേജ് ലിസ്റ്റിങ് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്.
ഏപ്രിൽ 19നാണ് അനുമതിക്കായി ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമർപ്പിച്ചത്. യുഎസ് വാക്സീനുകളായ ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ, ഓക്സ്ഫഡ് വികസിപ്പിച്ച കോവിഷീൽഡ്, വാക്സെവിരിയ, ചൈനയുടെ സിനോവാക് എന്നീ വാക്സീനുകൾക്കു മാത്രമാണ് നിലവിൽ ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയത്. ചൈനയുടെ തദ്ദേശീയ വാക്സീന് പോലും അംഗീകാരം നൽകിയിട്ടും കോവാക്സിന് അനുമതി നിഷേധിക്കുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു.
വാക്സീൻ പരീക്ഷണ ഫലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതിനുസരിച്ച് കമ്പനി കൂടുതൽ വിവരങ്ങൾ സമർപ്പിച്ചിരുന്നു. ഇന്ന് ചേർന്ന സംഘടനയുടെ ഉപദേശക സമിതി യോഗത്തിലാണ് ഇന്ത്യ ഏറെ നാൾ കാത്തിരുന്ന നിർണായക തീരുമാനം എത്തിയത്. ഡബ്ല്യുഎച്ച്ഒ അംഗീകാരം ലഭിക്കുന്നത് വാക്‌സീന്‍ എടുത്ത ശേഷം വിദേശയാത്രയ്ക്ക് തയാറെടുക്കുന്നവര്‍ക്കു ഗുണകരമാകും.
വാക്സീനുമായി ബന്ധപ്പെട്ട് നേരത്തേ പലവട്ടം പറഞ്ഞ കാര്യം തന്നെയാണ് ലോകാരോഗ്യ സംഘടന ആവർത്തിച്ചു കൊണ്ടിരുന്നത്– ചില ഡേറ്റ കൂടി കിട്ടാനുണ്ടെന്ന്. ആവശ്യപ്പെട്ട ഡേറ്റ നൽകിയെന്ന മറുപടി ഭാരത് ബയോടെക്കും ആവർത്തിച്ചു. സ്വകാര്യ കമ്പനി മാത്രമല്ല, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനു കീഴിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ കൂടി ശ്രമഫലമാണ് വാക്സീൻ. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) ആണ് കൊറോണ വൈറസ് സ്ട്രെയിൻ നൽകിയത്. കോടിക്കണക്കിനു വാക്സീൻ ഡോസുകൾ ഇതിനകം തന്നെ കുത്തിവയ്ച്ചു കഴിഞ്ഞു.