ന്യൂനമര്‍ദം അറബിക്കടലില്‍: ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച്, യെലോ അലർട്ട്
തിരുവനന്തപുരം∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം കന്യാകുമാരി ഭാഗത്തുനിന്ന് ഇന്ന് രാവിലെ അറബിക്കടലില്‍ പ്രവേശിച്ചു. കേരളത്തില്‍ നവംബര്‍ 7 വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായതും അതി ശക്തമായ മഴയ്ക്കും സാധ്യത.
ഇപ്പോള്‍ ലക്ഷദ്വീപിനു മുകളിലും സമീപത്തുള്ള തെക്ക് കിഴക്കന്‍ അറബിക്കടലിലാണ് സ്ഥിതിചെയ്യുന്നത്. അടുത്ത 3 ദിവസം വടക്ക് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചാരിക്കുന്ന ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ലക്ഷദ്വീപ് മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദപ്പാത്തി രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമാക്കാന്‍ സാധ്യത വളരെ കുറവാണ്. ന്യൂനമര്‍ദ സ്വാധീനഫലമായി തെക്കേ ഇന്ത്യക്കു മുകളില്‍ കിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.
ബുധനും വ്യാഴവും സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ:
ബുധൻ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്
വ്യാഴം: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ:
ബുധൻ: ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട്
വ്യാഴം: കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
വെള്ളി: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട്
ശനി: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട്
ഞായർ: പത്തനംതിട്ട, കോട്ടയം, ഇടുക്കി
English Summary: Heavy rainfall alert in Kerala