മുല്ലപ്പെരിയാര്‍: മൂന്ന് ഷട്ടറുകള്‍ വീണ്ടും തുറന്നു
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു..സ്പില്‍വേയിലെ മൂന്ന് ഷട്ടറുകളാണ് വീണ്ടും തുറന്നത്. ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുകയാണ്. രാവിലെ 8 മണി മുതലാണ് 3 ഷട്ടറുകള്‍ കൂടി 60 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്. നിലവില്‍ സെക്കന്റില്‍ 1,493 ഘനയടി ജലമാണ് ഒഴുക്കി വിടുന്നത്. 8 മണി മുതല്‍ 1,512 ഘനയടി ജലം കൂടി അധികമായി ഒഴുക്കി ആകെ 3005 ഘനയടി ജലമാണ് ഒഴുക്കിവിടുന്നത്.
138.95 ആണ് നിലവിലെ ജലനിരപ്പ്. കുടുതല്‍ വെള്ളം തുറന്ന് വിടുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. എന്നാല്‍, നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. രാത്രി ലഭിച്ച ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഡാമിന്റെ വൃഷ്ടിപ്രദേശമായ പെരിയാര്‍ കടുവാ സങ്കേത വനമേഖലയില്‍ കനത്ത മഴയാണ് രാത്രിയുണ്ടായത്. ഇതാണ് ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിപ്പിച്ചത്. 138.1 അടിയായിരുന്നു ഇന്നലെ വൈകുന്നേരത്തെ ജലനിരപ്പ്.
ഇന്നലെ രാവിലെ സ്പില്‍വേയുടെ തുറന്നിരുന്ന ആറു ഷട്ടറുകളില്‍ മൂന്നും ഉച്ചകഴിഞ്ഞ് ഒരെണ്ണവും അടച്ചിരുന്നു. മഴ കുറവായതിനാല്‍ ജലനിരപ്പില്‍ കുറവുവന്നതാണ് ഷട്ടറുകള്‍ താഴ്ത്താന്‍ കാരണം. 50 സെന്റീമീറ്റര്‍ ഉയര്‍ത്തിവച്ചിരുന്ന രണ്ടുഷട്ടറുകളില്‍ ഒന്ന് 20 സെന്റീമീറ്ററിലേക്കു താഴ്ത്തി. അണക്കെട്ടില്‍ ഉപസമിതി ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു. പ്രധാന ഡാം, ഗാലറി, സ്പില്‍വേ, ബേബി ഡാം എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്.