മുല്ലപ്പെരിയാർ ജലനിരപ്പ് 138.20 അടി; തുറക്കുന്നതിൽ ആശങ്ക വേണ്ട, എല്ലാം സജ്ജം
തിരുവനന്തപുരം∙ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് റവന്യൂമന്ത്രി കെ.രാജനും ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. മുല്ലപ്പെരിയാറില്‍നിന്നുള്ള വെള്ളം ഇടുക്കി സംഭരണിയില്‍ പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയില്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുമ്പോള്‍ 2018ലെ അത്രഗുരുതരമായ സഹാചര്യമില്ലെന്നാണ് സംസ്ഥാനത്തിന്‍റെ വിലയിരുത്തല്‍. റവന്യു, പൊലീസ്, ഫയര്‍ഫോഴ്സ്, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ സജ്ജമാണ്. ജില്ലാ കലക്ടര്‍ കൃത്യമായി വിവരം അറിയിക്കും. തെറ്റായ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് റവന്യൂമന്ത്രി കെ.രാജന്‍ അഭ്യർഥിച്ചു.
അണക്കെട്ട് തുറക്കുമ്പോള്‍ എത്ര ജലം ഒഴുകിയെത്തുമെന്നതിനെ അടിസ്ഥാനമാക്കിയാണ് ഒഴിപ്പിക്കല്‍ പൂർത്തിയാക്കുന്നത്. ക്യാംപുകളും വാഹനങ്ങളും ഉദ്യോഗസ്ഥരും തയാറായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ജലവിഭവവകുപ്പ് മന്ത്രി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.20 അടിയാണ്. സെക്കൻഡിൽ 3175 ഘനയടി വെള്ളം അണക്കെട്ടിൽ ഒഴുകിയെത്തുന്നുണ്ട്. 2300 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നിയന്ത്രിതമായി വെള്ളം തുറന്നുവിട്ടാല്‍ താഴ്ന്നപ്രദേശങ്ങളിൽ കുറച്ചു മാത്രമെ വെള്ളം ഉയരുകയുള്ളൂവെന്ന് സര്‍ക്കാര്‍ കരുതുന്നു. റവന്യൂവകുപ്പും ജലവിഭവ വകുപ്പും തമിഴ്നാടുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
English Summary: Government machinery fully prepared for release for water from Mullaperiyar dam, says Roshy Augustine