‘മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; പിണറായി–സ്റ്റാലിൻ ചർച്ച ഡിസംബറിൽ’
മഴ ശക്തമായതോടെ, സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച ലോകത്തിൽ നിലവിലുള്ള ഏക അണക്കെട്ടായ മുല്ലപ്പെരിയാറും ചർച്ചകളിൽ നിറയുകയാണ്. തമിഴ്നാടിനു വെള്ളവും കേരളത്തിലെ ജനങ്ങൾക്കു പുതിയ അണക്കെട്ടിലൂടെ സുരക്ഷയും എന്നതാണ് കേരളം മുന്നോട്ടുവയ്ക്കുന്ന നിർദേശം.
അണക്കെട്ട് ഡീ കമ്മിഷൻ ചെയ്യണമെന്ന ക്യാംപെയിനിൽ സിനിമാ താരങ്ങൾ അടക്കം അണിചേർന്നിരിക്കുന്നു. തമിഴ്നാടുമായി ഒത്തുചേർന്ന് മാത്രം പരിഹരിക്കാൻ കഴിയുന്ന തർക്കത്തെക്കുറിച്ച് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ നിന്ന്.
∙ അപ്രതീക്ഷിത മഴ വർധിക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ എന്തൊക്കെ അടിയന്തര നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?
കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കും. തമിഴ്നാടുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. തമിഴ്നാടിനോട് കൂടുതൽ വെള്ളം കൊണ്ടുപോകാനും കൂടാതെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി അധികജലം പുറത്തേക്ക് ഒഴുക്കേണ്ട സാഹചര്യമുണ്ടായാൽ 24 മണിക്കൂർ മുൻപ് തന്നെ അറിയിപ്പ് ലഭ്യമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് 2,200 ക്യുസെക്സ് ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
23ന് ജലനിരപ്പ് 136 അടി എത്തിയപ്പോൾ തമിഴ്നാട് ഒന്നാം മുന്നറിയിപ്പ് സന്ദേശം ലഭ്യമാക്കി. സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നടന്ന കേസിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 139.99 അടിയിലേക്കു ക്രമീകരിക്കാൻ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചത്തെ മേൽനോട്ട സമിതി യോഗത്തിൽ ബന്ധപ്പെട്ട തീരുമാനം എടുക്കും.
∙ കേന്ദ്ര ജലകമ്മിഷന്റെ 2018 ലെ റിപ്പോർട്ടിൽ 200 മില്യൻ ക്യുബിക് മീറ്റർ ശേഷിയുള്ള അണക്കെട്ടിൽ റൂൾ കർവ് വേണമെന്നു നിർദേശിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് മുല്ലപ്പെരിയാറിൽ അതിനു നടപടിയെടുക്കാത്തത്?
കേന്ദ്രജലകമ്മിഷന്റെ റിപ്പോർട്ടിൽ 200 മില്യൻ ക്യുബിക് മീറ്റർ ശേഷിയുള്ള അണക്കെട്ടിൽ റൂൾ കർവ് വേണമെന്ന് നിർദേശിച്ചിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രവർത്തനവും പരിപാലനവും തമിഴ്നാടാണ് നിർവഹിക്കുന്നത്. 2014 ജൂലെ 17ന് നടന്ന മേൽനോട്ട സമിതിയുടെ രണ്ടാമത്തെ യോഗം മുതൽ കേരളം തമിഴ്നാടിനോട് റൂൾ കർവ് തയാറാക്കാൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കൂടാതെ സർക്കാർ തലത്തിൽ നിരവധി തവണ തമിഴ്നാട് സർക്കാരിനോടും മേൽനോട്ട സമിതി ചെയർമാനോടും ആവർത്തിച്ചു ആവശ്യപ്പെട്ടു.
എന്നാൽ, സുപ്രീംകോടതിയിൽ ഡോ.ജോ ജോസഫ് ഫയൽ ചെയ്ത റിട്ട് പെറ്റീഷനിൽ സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് തമിഴ്നാട് തയാറാക്കിയ റൂൾ കർവും ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂളും 2021 മാർച്ചിൽ കേരളത്തിനു നൽകി. തമിഴ്നാട് നൽകിയ റൂൾ കർവ് സ്വീകാര്യമല്ലാത്തതിനാൽ കേന്ദ്രജലകമ്മിഷന്റെ നിർദേശപ്രകാരം കേരളം റൂൾ കർവ് തയാറാക്കുകയും കേന്ദ്രജലകമ്മിഷനും മേൽനോട്ടസമിതിക്കും നൽകുകയും ചെയ്തു. കേന്ദ്രജല കമ്മിഷൻ ഇത് സുപ്രീംകോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.
∙ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനായി സാധ്യതാ പഠനം ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തമിഴ്നാട് സർക്കാരുമായി പുതിയ അണക്കെട്ടിനെക്കുറിച്ച് ചർച്ച നടത്തുന്നുണ്ടോ?
മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് ഡിസംബറിൽ ചേരുന്ന തമിഴ്നാട് –കേരള മുഖ്യമന്ത്രിമാരുടെ ചർച്ചയിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ ധാരണയുണ്ടാക്കുകയും പുതിയ അണക്കെട്ട് നിർമിക്കാൻ വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യും.
∙ മേൽനോട്ട സമിതിക്കു കുമളിയിൽ ഓഫിസ് സ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ഇതിന് എന്തു നടപടിയാണ് സ്വീകരിച്ചത്. പരിശോധനാ റിപ്പോർട്ടുകൾ സമിതി പ്രസിദ്ധീകരിക്കാത്തതിനെതിരെ നടപടി സ്വീകരിക്കുമോ?
മോൽനോട്ട സമിതിക്കു കുമളിയിൽ വാടക ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. മേൽനോട്ട സമിതി അണക്കെട്ടിൽ പരിശോധന നടത്തിയശേഷം യോഗങ്ങൾ കൂടാറുണ്ട്. ഈ യോഗങ്ങളുടെ മിനിട്സ് കേരളത്തിനും തമിഴ്നാടിനും നൽകാറുണ്ട്.
∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം ഏത് ലെവലിൽ എത്തുമ്പോഴാണ് തുറന്നു വിടുന്നതെന്നു തമിഴ്നാട് കേരളത്തെ അറിയിച്ചിട്ടുണ്ടോ?
സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് തമിഴ്നാടിനു പരമാവധി 142 അടി വെള്ളം നിലനിർത്താം. എന്നാല്‍, പ്രളയമുണ്ടായ സാഹചര്യത്തിൽ ജലനിരപ്പ് 139.99 അടിയിൽ നിർത്തണമെന്ന് സുപ്രീംകോടതി തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു.
English Summary: Interview with Water Resources Minister Roshy Augustine on Mullaperiyar