മുല്ലപ്പെരിയാർ 138 അടിയിലേക്ക് അടുക്കുന്നു; ഉന്നതതല യോഗം ഇന്ന്
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.60 അടിയായി ഉയര്‍ന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. എന്നാൽ തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്‍റെ അളവ് കൂട്ടാത്തതിനാല്‍ ജലനിരപ്പ് കുറഞ്ഞില്ല. ജലനിരപ്പ് ഉയരുന്നതിനിടെ തിരുവനന്തപുരത്തും ഇടുക്കിയിലും ഇന്ന് പ്രധാന യോഗങ്ങൾ നടക്കും. കേരള -തമിഴ്നാട് സർക്കാരുകളുടെ ഉന്നതതല അടിയന്തിര യോഗം വൈകിട്ട് മൂന്നിന് നടക്കും. 142 അടി പരമാവധി സംഭരണ ശേഷിയുള്ള ഡാമിലെ ജലനിരപ്പ് രണ്ടാം മുന്നറിയിപ്പായ 138 അടിയിലേക്ക് അടുക്കുകയാണ്.
തമിഴ്നാട് കൊണ്ടു പോകുന്നതിനേക്കാളാണ് ഡാമിലേക്കുള്ള നീരൊഴുക്കിൻ്റെ തോത്. ഇന്നലെ വൈകിട്ട് മഴ കനത്തതോടെ കൊണ്ടുപോകുന്നതിനെക്കാൾ നാല് ഇരട്ടിയോളം വെള്ളമാണ് ഒഴുകിയെത്തി. ഈ നില തുടർന്നാൽ വളരെ വേഗത്തിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തും. അതിനാൽ കൂടുതൽ വെള്ളം കൊണ്ടുപോകാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വിളിച്ച യോഗത്തിൽ കേരളം ആവശ്യപ്പെടും.
നേരത്തെ മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ച് കത്തെഴുതിയിരുന്നു. കേരളം ഉന്നയിച്ച പ്രശ്നങ്ങള്‍ മേല്‍നോട്ട സമിതി യോഗത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്നും ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്നാട് തയാറാകുമെന്നാണു വിശ്വാസമെന്നും മന്ത്രി മനോരമ ന്യൂസ് കൗണ്ടർപോയിന്റിൽ പറഞ്ഞു.
ഇടുക്കി വണ്ടിപ്പെരിയാറിൽ കലക്ടറുടെ അധ്യക്ഷതയിൽ 11 അണ് യോഗം. തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, പൊലീസ്, ഫയർഫോഴ്സ്, റവന്യു ഉദ്യോഗസ്ഥർ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.