കരുതലോടെ മുന്നോട്ട്; വിദ്യാര്‍ത്ഥികള്‍ക്കായി ഹോമിയോപ്പതി മരുന്ന് വിതരണം ആരംഭിച്ചു
ജില്ലയില്‍ മരുന്ന് നല്‍കുക ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക്ആദിവാസി മേഖലയില്‍ മരുന്ന് വിതരണത്തിന് പ്രത്യേക പദ്ധതിയുമായി വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത്
സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ബൂസ്റ്റര്‍ മരുന്ന് വിതരണം ജില്ലയില്‍ ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷത്തോളമായി അടച്ചിട്ട സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കുന്നതിന് മുന്നോടിയായിട്ടാണ് സംസ്ഥാനത്തൊട്ടാകെ ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് വിതരണം നടത്തുന്നത്. ഇന്നും നാളെയും കൂടി രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 വരെ എല്ലാ ഹോമിയോ ആശുപത്രികളില്‍ നിന്നും ഡിസ്പെപെന്‍സറികളില്‍ നിന്നും മരുന്ന് ലഭ്യമാകും. മരുന്നിനായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവീധാനത്തിലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്യണം. രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍ യൂസര്‍ ഐഡിയായി നല്‍കി പാസ് വേര്‍ഡ് സെറ്റ് ചെയ്ത് ലോഗിന്‍ ചെയ്യണം. സമ്മതപത്രവും പൂരിപ്പിച്ച് കഴിഞ്ഞാല്‍ അപേക്ഷകര്‍ക്ക് തന്നെ മരുന്ന് വിതരണ കേന്ദ്രവും ദിവസവും സമയവും തെരഞ്ഞെടുക്കാം.
സര്‍ക്കാരിന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ഹോമിയോപ്പതി ഇമ്മ്യൂണോ ബൂസ്റ്റര്‍ വിതരണം റെജിസ്റ്റര്‍ ചെയ്യുന്നതിനായി https://ahims.kerala.gov.in എന്ന ലിങ്കാണ് ഉപയോഗിക്കേണ്ടത്.
ജില്ലയില്‍ ഒന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ മരുന്ന് വിതരണം ചെയ്യുമെന്ന് ജില്ലാ ഹോമിയോ ഡിഎംഓ ഡോ. ബീന സക്കറിയ പറഞ്ഞു. ജില്ലയില്‍ ഹോമിയോ വകുപ്പുമായി ബന്ധപ്പെട്ട 66 ഗവ.സ്ഥാപനങ്ങളിലും സ്‌കൂളുകളില്‍ പ്രത്യേകം തയ്യാറാക്കിയ 11 കേന്ദ്രങ്ങളിലും മരുന്ന് വിതരണം ഉണ്ടാകും. ഇവിടങ്ങളില്‍ ഡോക്ടര്‍മാരുടേയും സഹായത്തിനായി ആശാ വര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.
വെള്ളിയാമറ്റം കറുകപ്പള്ളി ഹോമിയോ ഡിസ്പെന്‍സറിയില്‍ വച്ച് സംഘടിപ്പിച്ച ചടങ്ങ് പ്രസിഡന്റ് ഇന്ദു ബിജു ഉദ്ഘാടനം ചെയ്തു. വെള്ളിയാമറ്റത്ത് 1300 ഓളം വിദ്യാര്‍ത്ഥികളാണുള്ളത്. ഇതില്‍ യാത്രാക്ലേശം നേരിടുന്ന ആദിവാസി മേഖലയിലെ അറുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രകൃതിദുരന്തം മൂലം പലയിടത്തും വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും മരുന്ന് ലഭ്യമാക്കും. ഇതിനായി എസ്.ടി. പ്രമോട്ടര്‍മാരുടെ നേതൃത്വത്തില്‍ രജിസ്ട്രേഷന്‍ നടപടികളും മരുന്ന് വിതരണവും പൂര്‍ത്തിയാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ലാലി ജോസി അദ്ധ്യക്ഷയായി. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മോഹന്‍ദാസ് പുതുശ്ശേരി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജു കുട്ടപ്പന്‍, പഞ്ചായത്തംഗം കബീര്‍ കാസിം, ഷേര്‍ലി ജോസുകുട്ടി, ആശുപത്രി ജീവനക്കാരായ ആഷാ ജോര്‍ജ്ജ്, ബ്രിജിത എം.വി. എന്നിവര്‍ സംസാരിച്ചു. ഡോ. രേഷ്മ ദത്ത് പദ്ധതി വിശദീകരണം നടത്തി.