എം.എം.മണിയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി


അതിതീവ്ര മഴയുടെ ഫലമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം മുതലായവയെത്തുടര്‍ന്ന് നിരവധിപേരുടെ ജീവനും സ്വത്തിനും നാശനഷ്ടങ്ങള്‍ ഉണ്ടായി. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നാശനഷ്ടങ്ങളുടെയും മറ്റും കണക്കുകള്‍ തിട്ടപ്പെടുത്തി ലഭ്യമാക്കുന്ന മുറയ്ക്ക് മാനദണ്ഡങ്ങള്‍ക്കനുസൃതമായ ധനസഹായം സമയബന്ധിതമായി അനുവദിക്കുന്നതാണ്. മരണമടഞ്ഞവരുടെയും കാണാതായവരുടെയും ആശ്രിതര്‍ക്ക് ഇതിനകം അടിയന്തിര ധനസഹായം നല്‍കിയിട്ടുണ്ട്.
2018 ലെ മഹാപ്രളയത്തെ തുടര്‍ന്ന് ആരംഭിച്ച റീ-ബില്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെക്കൂടി അതിജീവിക്കാനുതകുംവിധമുള്ള സംവിധാനത്തോടെയും, പരിസ്ഥിതി സൗഹൃദപരമായും കേരളത്തെ പുനര്‍നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ലോകത്തെമ്പാടുമുള്ള അനുഭവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രവര്‍ത്തന പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള ‘റൂം ഫോര്‍ റിവര്‍’ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരികയാണ്. പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ നദികളിലെ ജലമാണ് കുട്ടനാട്ടിലെ പ്രളയത്തിന്റെ പ്രധാന കാരണം. ഇതില്‍ പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലം കടലിലേക്ക് പതിക്കുന്നത് തോട്ടപ്പള്ളി സ്പില്‍വേ വഴിയാണ്. കടലിലേക്ക് ജലമൊഴുക്കാന്‍ 360 മീറ്റര്‍ വീതിയില്‍ പൊഴി മുറിച്ച് ആഴം വര്‍ദ്ധിപ്പിച്ചു. ഇതേത്തുടര്‍ന്ന് ഇത്തവണ പ്രളയ തീവ്രത ഗണ്യമായി കുറഞ്ഞു. റൂം ഫോര്‍ റിവര്‍ എന്ന ബൃഹത് പദ്ധതി അടുത്ത ഘട്ടമായി നടപ്പാക്കുന്നതിന് ഡി.പി.ആര്‍ തയ്യാറാക്കി വരികയാണ്. കനാലുകളുടെ ആഴവും വീതിയും വര്‍ദ്ധിപ്പിച്ച് വെള്ളം സുഗമമായി ഒഴുകുന്നതിന് ആവശ്യമായ ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടത്തുക.
വേമ്പനാട്ട് കായല്‍ മുതല്‍ മണികണ്ഠന്‍ ആറുവരെയുള്ള ചെങ്ങണ്ടയാറിന്റെ ആഴം കൂട്ടിയിട്ടുണ്ട്. വെള്ളം കൂടുതല്‍ കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ‘റൂം ഫോര്‍ വേമ്പനാട്’ ഉള്‍പ്പെടെയുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഡാമിലെ ജലം എത്തുന്ന പ്രദേശങ്ങളില്‍ മഴ വരാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം പരിഗണിച്ച് ജലം തുറന്നുവിടുന്നതിനുള്ള നടപടി സ്വീകരിച്ചു.
ഇതിന് പുറമെ തദ്ദേശസ്ഥാപനതലത്തില്‍ ദുരന്തനിവാരണ പ്ലാനുകള്‍ പോലുള്ള പദ്ധതികളും നടപ്പിലാക്കിവരുന്നു. 12 വകുപ്പുകളിലായി 7,800 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഇതിനകം ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇവ നിര്‍വ്വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
തീരദേശത്ത് വേലിയേറ്റ രേഖയില്‍നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന 18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റി സുരക്ഷിത മേഖലയില്‍ പുനരധിവസിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് മുഖാന്തിരം ‘പുനര്‍ഗേഹം’ പദ്ധതി നടപ്പാക്കിവരുന്നു.
2018 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ, സഹകരണ വകുപ്പ് വഴി ഭവനനിര്‍മ്മാണം നടത്തി നല്‍കുന്ന ‘കെയര്‍ ഹോം’ പദ്ധതി നടപ്പാക്കി.
സാമൂഹിക അധിഷ്ഠിത ദുരന്ത ലഘൂകരണത്തിനായി 3.8 ലക്ഷത്തോളം സന്നദ്ധ പ്രവര്‍ത്തകരെ വിവിധ പരിശീലനങ്ങള്‍ നല്‍കി സജ്ജരാക്കിയിട്ടുണ്ട്. ഇതിനുപുറമെ ഫയര്‍ & റെസ്‌ക്യൂ വകുപ്പുമായി ചേര്‍ന്ന് സിവില്‍ ഡിഫന്‍സ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി 129 ഫയര്‍ സ്റ്റേഷനുകളിലായി 6,450 പേര്‍ അടങ്ങുന്ന 50 സിവില്‍ ഡിഫന്‍സ് ഫോഴ്‌സിനെ വിന്യസിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മഴക്കെടുതി തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇനിയുള്ള തുടര്‍നിര്‍മ്മാണങ്ങളും മുന്‍ വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ തകര്‍ന്ന ആസ്തികളുടെ സുസ്ഥിരമായ പുനര്‍നിര്‍മ്മാണത്തിന്റെ മാതൃകയിലാണ് നടപ്പിലാക്കാനാവുക. ആ നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കിവരുന്നത്.