ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു; വൈദ്യുതി ഉൽപാദനം കൂടി
തിരുവനന്തപുരം ∙ കനത്ത മഴയിൽ സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ എല്ലാ ജലവൈദ്യുത നിലയങ്ങളിലും മുഴുവൻ സമയ വൈദ്യുതി ഉൽപാദനം തുടരുന്നു. കെഎസ്ഇബിയുടെ വൈദ്യുത ഉൽപാദനം 31.8 ദശലക്ഷം യൂണിറ്റായി വർധിച്ചു. 71 ദശലക്ഷം യൂണിറ്റാണു കേരളത്തിനു പ്രതിദിനം വേണ്ടത്.
കൽക്കരി ക്ഷാമത്തെ തുടർന്നു കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതി വിഹിതം കുറഞ്ഞതു സംസ്ഥാനത്തെ ബാധിച്ചിട്ടില്ലെന്നു വൈദ്യുതി മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. വൈദ്യുതി ഉപയോഗവും കുറഞ്ഞിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി 31 വരെ തുടരുമെന്നു പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ഉൾപ്പെടെയുള്ള ജലവൈദ്യുത നിലയങ്ങൾ മുഴുവൻ സമയവും പ്രവർത്തിപ്പിച്ചു രാജ്യത്തെ വൈദ്യുതി വിതരണ മേഖലയെ സഹായിക്കണമെന്നു സംസ്ഥാന സർക്കാരിനോടു കേന്ദ്രം അഭ്യർഥിച്ചിരുന്നു.
ചൂട് കുറയുമ്പോൾ ഉപയോഗം കുറയും
ന്യൂഡൽഹി∙ വരും ദിവസങ്ങൾ ചൂട് കുറയുമെന്നതിനാൽ വൈദ്യുതി ആവശ്യകത കുറയുമെന്നും സ്ഥിതി മെച്ചപ്പെടുമെന്നും കോൾ ഇന്ത്യ ലിമിറ്റഡ് ചെയർമാൻ പ്രമോദ് അഗർവാൾ പറഞ്ഞു. കൽക്കരി ശേഖരം ആവശ്യത്തിനുണ്ടെന്നും കഴിഞ്ഞ 8 ദിവസമായി കൽക്കരി ലഭ്യത ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു.