പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അണക്കര കടശികടവ് സ്വദേശികളായ രണ്ട് പേർ പിടിയിൽ.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അണക്കര കടശികടവ് സ്വദേശികളായ രണ്ട് പേർ പിടിയിൽ. കടശ്ശിക്കടവ് ശിവൻകോളനി ഭാഗത്ത് താമസക്കാരായ മദൻ, ജോൺ പീറ്റർ എന്നിവരെയാണ് വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാലാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തമിഴ്നാട്ടിലെ ഉത്തമപാളയത്ത് ബന്ധുവീട്ടിൽ നിന്ന് പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. കേസിൽ ഒന്നാം പ്രതിയായ മദൻ തമിഴ്നാട്ടിൽ എത്തി പെൺകുട്ടിയെ കൂട്ടി കൊണ്ടുവരികയും കൂട്ടുപ്രതിയായ ജോൺ പീറ്ററിന്റെ കടശ്ശിക്കടവിലുള്ള ബന്ധു വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ഇതിനുശേഷം പെൺകുട്ടിയെ ഉത്തമപാളയത്ത് തിരികെ എത്തിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വീണ്ടും പെൺകുട്ടിയെ ഇത്തരത്തിൽ കൂട്ടി കൊണ്ടു വരുന്നതിനായി തമിഴ്നാട്ടിലെത്തിയ പ്രതിയെ പെൺകുട്ടിയുടെ ബന്ധുക്കൾ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ ബന്ധുക്കൾ ഉത്തമപാളയം പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല എന്നും പറയപ്പെടുന്നു.
ഇതേ തുടർന്നാണ് ഇന്നലെ ഇവർ വണ്ടൻമേട് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പ്രതിയായ മദന് 24 വയസുണ്ട്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് വീട് ഉൾപ്പെടെയുള്ള സഹായങ്ങൾ ചെയ്തു നൽകിയ ജോൺ പീറ്ററും അറസ്റ്റിലായത്. പ്രതികളെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.