‘എ പ്ലസുകാർ കൂടിയത് പ്രശ്നം’; പ്ലസ് വൺ സീറ്റിൽ കുറവുണ്ടെന്ന് സമ്മതിച്ച് മന്ത്രി
തിരുവനന്തപുരം ∙ എ പ്ലസ് നേടിയവരുടെ എണ്ണം കൂടിയതിനാലാണ് പ്ലസ് വണ്ണിൽ ആഗ്രഹിക്കുന്ന സീറ്റോ വീടിനടുത്തുള്ള സ്കൂളിലെ അഡ്മിഷനോ ലഭിക്കാതെ പോകുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. സർക്കാർ ഇക്കാര്യം ഗൗരവമായെടുത്ത് നടപടികൾ സ്വീകരിച്ചു വരികയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷനു മറുപടിയായി മന്ത്രി പറഞ്ഞു.
പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് 23ന് നടക്കും. അതു കഴിഞ്ഞശേഷം താലൂക്ക് അടിസ്ഥാനത്തിൽ സീറ്റുകൾ കുറവുണ്ടെങ്കിൽ വിദ്യാർഥികൾക്കു ബുദ്ധിമുട്ടാകാത്ത രീതിയിൽ ക്രമീകരിക്കും. 85,314 പേർക്ക് ഇനി പ്രവേശനം ലഭിക്കാനുണ്ട്. 12,384 സീറ്റ് ഒഴിവുണ്ട്. വിദ്യാർഥികൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ സീറ്റുകൾ നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ മുഖ്യഘട്ട അലോട്ട്മെന്റ് പൂര്‍ത്തീകരിച്ചാലുടൻ സ്വീകരിക്കും. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ചുരുക്കം ചില വിദ്യാര്‍ഥികള്‍ക്ക് അവരുടെ അപേക്ഷയിൽ വളരെ കുറച്ചു മാത്രം ഓപ്ഷനുകൾ ഉള്‍പ്പെടുത്തിയതിന്റെ ഫലമായി അലോട്ട്മെന്റ് ലഭിച്ചിട്ടില്ല. എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ടയിലും മാനേജ്മെന്റ് ക്വോട്ടയിലും വൊക്കേഷണൽ ഹയര്‍സെക്കൻഡറിയിലും ശേഷിക്കുന്നവർ പ്രവേശനം തേടാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏകജാലക രീതിയിൽ പ്രവേശനം നടത്തുന്ന 2,70,188 സീറ്റുകളിലേയ്ക്ക് 4,65,219 വിദ്യാര്‍ഥികളാണ് അപേക്ഷിച്ചത്. ഇതില്‍ മാതൃജില്ലയ്ക്കു പുറമെ മറ്റ് ജില്ലകളിലും അപേക്ഷിച്ച 39,489 പേരുണ്ട്. പ്രവേശനം നല്‍കേണ്ട യഥാര്‍ഥ അപേക്ഷകർ 4,25,730 മാത്രമാണ്. രണ്ടാമത്തെ അലോട്ട്മെന്റില്‍ 2,69,533 അപേക്ഷകര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചു. അതില്‍ 69,642 വിദ്യാര്‍ഥികള്‍ക്കു പുതിയതായി അലോട്ട്മെന്റ് ലഭിച്ചപ്പോള്‍ 44,707 വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഉയര്‍ന്ന ഓപ്ഷനുകളിൽ പ്രവേശനം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവേശനതോതനുസരിച്ച് 3,85,530 അപേക്ഷകർ മാത്രമേ പ്ലസ് വണ്‍ പ്രവേശനം തേടാൻ സാധ്യതയുള്ളൂ. രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം സംസ്ഥാനത്ത് ആകെ 85,316 അപേക്ഷകര്‍ മാത്രമാണ് ശേഷിക്കുന്നത്. അപേക്ഷിച്ച എല്ലാപേരും പ്ലസ് വണ്‍ പ്രവേശനം തേടുകയാണെങ്കില്‍ ആകെ 1,22,880 അപേക്ഷകര്‍ക്കാണ് പ്രവേശനം ഉറപ്പാക്കേണ്ടതാണ്.
ഹയര്‍സെക്കൻഡറി പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ അവസാനത്തെ അലോട്ട്മെന്റ്, എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട, എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് ക്വോട്ട, അണ്‍-എയ്ഡഡ് സ്കൂളുകളിലെ പ്രവേശനം തുടങ്ങിയവ നടക്കുകയാണ്. ഇത്തരത്തില്‍ ലഭ്യമായ സീറ്റുകളും ഒഴിവ് വരുന്ന സ്പോര്‍ട്സ് ക്വോട്ട സീറ്റുകൾ പൊതുമെറിറ്റ് ക്വോട്ട സീറ്റുകളായി പരിവര്‍ത്തനം ചെയ്യുമ്പോൾ ഉണ്ടാകുന്ന സീറ്റുകളും കൂടി കൂട്ടുമ്പോള്‍ സംസ്ഥാനത്ത് ആകെ 1,22,384 സീറ്റുകള്‍ ലഭ്യമാണ്. ഇതിന് പുറമേ വൊക്കേഷണൽ ഹയര്‍സെക്കൻഡറി, പോളിടെക്നിക്, ഐടിഐ മേഖലകളിലായി 83,000 സീറ്റുകളും ലഭ്യമാണെന്നു മന്ത്രി പറഞ്ഞു.
English Summary: The minister admitted in the assembly that there is a shortage of plus one seats