ഇന്ത്യയിലാദ്യമായി നോവലിന് സ്വന്തമായി പശ്ചാത്തല സംഗീതം (BGM); ഇടുക്കി സ്വദേശി ഇമ്മാനുവൽ ക്യാൽവിന് ‘ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ്’ നേട്ടം

കൊച്ചി: മലയാള സാഹിത്യത്തിൽ വേറിട്ട പരീക്ഷണവുമായി ചരിത്രം കുറിച്ച് ഇടുക്കി സ്വദേശിയായ ഇമ്മാനുവൽ ക്യാൽവിൻ ദവരെവ് . തന്റെ നോവലായ ‘ആദിപർവ്വ’ത്തിന് സ്വന്തമായി ഒരു പശ്ചാത്തല സംഗീതം (BGM) ഒരുക്കിയതിനാണ് ഇമ്മാനുവലിനെ തേടി ദേശീയ തലത്തിലുള്ള ‘ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ്’ (India Book of Records) അംഗീകാരം എത്തിയിരിക്കുന്നത്.
ഇന്ത്യയിലാദ്യമായാണ് ഒരു നോവലിന്, വായനാനുഭവത്തിനൊപ്പം ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ ഒരു ഒറിജിനൽ സൗണ്ട് ട്രാക്ക് പുറത്തിറക്കുന്നത്. ‘സീജ് ഓഫ് ദി അയൺ സെർപന്റ്’ (Siege of the Iron Serpent) എന്ന് പേരിട്ടിരിക്കുന്ന ഈ ബി.ജി.എം, നോവലിലെ സന്ദർഭങ്ങൾക്ക് ഒരു സിനിമാറ്റിക് മിഴിവേകുന്നു.
പഞ്ചഭൂതങ്ങളുടെയും പ്രെകൃതിയുടെയും കഥ പറയുന്ന ഒരു ഡാർക്ക് ഫാന്റസി ത്രില്ലറാണ് ‘ആദിപർവ്വം’. മനുഷ്യജീവിതത്തിന്റെ അർത്ഥം, വിശ്വാസം, സ്വയം തിരിച്ചറിയൽ തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങൾ ലളിതമായ ഭാഷയിലാണ് നോവൽ ചർച്ച ചെയ്യുന്നത്. ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയും നിഗൂഢതകളിലൂടെയുമാണ് നോവലിന്റെ സഞ്ചാരം.

എറണാകുളത്തെ മണിരത്ന ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ഇമ്മാനുവൽ ഇടുക്കി സന്യാസിയോട സ്വദേശിയാണ്. ഇറ ബുക്സ് പബ്ലിക്കേഷൻസ് (Era Books Publications) ആണ് ഈ നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇമ്മാനുവലിന് ലഭിച്ചുകഴിഞ്ഞു.













































































