കേരള പോലീസിലെ ആദ്യ നർകോട്ടിക് സ്നിഫർ ഡോഗ് ‘നീലി’ വിരമിച്ചു

കേരള പോലീസിന്റെ അഭിമാനവും സംസ്ഥാനത്തെ ആദ്യത്തെ നർകോട്ടിക് സ്നിഫർ ഡോഗുമായ ‘നീലി’ (ബ്രൂസ്) 11 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങി. കുയിലിമലയിലെ ‘ഇടുക്കി കെ 9 സ്‌ക്വാഡ്’ കെട്ടിടസമുച്ചയത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു ഐ.പി.എസ് നിർവഹിച്ചു. 2015 ജൂൺ 30-നാണ് നീലി പോലീസ് സേനയുടെ ഭാഗമാകുന്നത്. തൃശൂർ പോലീസ് അക്കാദമിയിലെ ഒൻപത് മാസത്തെ പരിശീലനത്തിന് ശേഷം ഇടുക്കി ജില്ലാ ഡോഗ് സ്‌ക്വാഡിലെത്തിയ നീലി, ലഹരിമരുന്ന് വേട്ടയിൽ പോലീസിന് കരുത്തായി മാറി. ഔദ്യോഗിക ജീവിതത്തിനിടയിൽ അൻപതോളം പ്രധാന ലഹരിമരുന്ന് കേസുകൾ തെളിയിക്കാൻ പോലീസിനെ സഹായിച്ചു. 2017 മുതൽ 2019 വരെയുള്ള കാലയളവിൽ സംസ്ഥാന തലത്തിലെ മത്സരങ്ങളിൽ വിജയിച്ച് നാഷണൽ പോലീസ് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ചു. വിരമിച്ച നീലിയെ ദത്തെടുക്കാൻ ഹാൻഡ്ലർ ആയ സിവിൽ പോലീസ് ഓഫീസർ രഞ്ജിത് മോഹൻ പി എൻ സന്നദ്ധത അറിയിച്ച് നീലയുടെ സംരക്ഷണം ഏറ്റെടുത്തു.
രഞ്ജിത്ത് മോഹൻ, ജെറി ജോർജ് എന്നിവരായിരുന്നു നീലിയുടെ ഹാൻഡ്ലർമാർ. ഇൻസ്‌പെക്ടർ സുരേഷ് ബാബു സ്വാഗതം ആശംസിച്ച ചടങ്ങിൽ അഡീഷണൽ പോലീസ് സൂപ്രണ്ട് ഇമ്മാനുവേൽ പോൾ, കെപി അഞ്ചാം ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് ജിജിമോൻ പി.എം എന്നിവർ നീലിയുടെ സേവനങ്ങളെ അനുസ്മരിച്ച് ആശംസകൾ അറിയിച്ചു. സബ് ഇൻസ്പെക്ടർ ബിനോയ് തോമസ് ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.













































































