‘ഡൽഹിയുടെ പേര് മാറ്റണം’; അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി എംപി, പകരം പേരും നിർദേശിച്ചു

രാജ്യതലസ്ഥാനത്തിന്റെ പേര് ഇന്ദ്രപ്രസ്ഥം എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി എംപി. ഡൽഹിയിലെ ചാന്ദ്നി ചൗക്ക് പാർലമെന്റ് മണ്ഡലത്തിലെ എംപിയായ പ്രവീൺ ഖണ്ഡേൽവാൾ ആണ് ആവശ്യവുമായി അമിത് ഷായ്ക്ക് കത്തയച്ചിരിക്കുന്നത്. സാംസ്കാരികവും പൗരാണികവുമായ പാരമ്പര്യം ഉയർത്തിപ്പിടിക്കണമെന്നും മഹാഭാരതത്തിലെ പാണ്ഡവരുടെ തലസ്ഥാനമായിരുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് പേരുമാറ്റത്തിന് കത്തയച്ചിരിക്കുന്നത്.
ചരിത്രവസ്തുതകൾ, നാഗരിക ചരിത്രം തുടങ്ങിയവയെല്ലാം ഡൽഹി നഗരം ഇന്ദ്രപ്രസ്ഥ നഗരവുമായി സാമ്യമുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട് എന്നും രാജ്യതലസ്ഥനത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കണമെന്നുമാണ് എംപിയുടെ ആവശ്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഇരിപ്പിടം മനുഷ്യരാശിയുടെ ഏറ്റവും പഴക്കമുള്ള സാംസ്കാരിക പാരമ്പര്യങ്ങളിലൊന്നിന്റെ പൈതൃകത്തിൽ നിലകൊള്ളുന്നു എന്നത് ഒരു പ്രതീകമായിരിക്കും എന്നും എംപി അവകാശപ്പെടുന്നു. പുരാവസ്തു ഗവേഷകർ നടത്തിയ ഖനനത്തിലെ കണ്ടെത്തലുകളെയും ഉദ്ധരിച്ചുകൊണ്ടാണ് അമിത് ഷായ്ക്ക് കത്തയച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേരളത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ബില്ലിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചായിരുന്നു തീരുമാനം. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന എല്ലാ ഭാഷകളിലും ‘കേരളം’ എന്ന് മാറ്റണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് ഇന്ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്.













































































