തിരക്കുള്ള പള്ളിക്കവലയിൽ നടപ്പാതയോടു ചേർന്ന് സ്ഥാപിച്ച ഉയരം കുറഞ്ഞ മുന്നറിയിപ്പ് ബോർഡും റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന ഇരുമ്പു പോസ്റ്റും; അപകട ഭീഷണി
കട്ടപ്പന ∙ തിരക്കുള്ള പള്ളിക്കവലയിൽ നടപ്പാതയോടു ചേർന്ന് സ്ഥാപിച്ച ഉയരം കുറഞ്ഞ മുന്നറിയിപ്പ് ബോർഡും റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന ഇരുമ്പു പോസ്റ്റും അപകടക്കെണിയാകുന്നു. കഴിഞ്ഞ ദിവസം ഉയരം കുറഞ്ഞ മുന്നറിയിപ്പ് ബോർഡിൽ തലയിടിച്ച് കട്ടപ്പന പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാൻ സജിക്കു പരുക്കേറ്റു. റോഡിലേക്ക് വീണ ഇദ്ദേഹം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഏറെ ഗതാഗത തിരക്കുള്ള ഭാഗത്താണ് അപകടം.
ഈ ബോർഡിൽ തലയിടിച്ച് ഒട്ടേറെ പേർക്ക് പരുക്കേറ്റെങ്കിലും പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ല. പള്ളിക്കവലയിൽ നിന്ന് സ്കൂൾ കവലയിലേക്കു പോകുന്ന പാതയുടെ അരികിലാണ് ഉപയോഗരഹിതമായ തുരുമ്പിച്ച ഇരുമ്പു പോസ്റ്റ് അപകട ഭീഷണിയായി ചരിഞ്ഞു നിൽക്കുന്നത്. ഈ പോസ്റ്റിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരുന്നു. നിലവിൽ ഇതിലുള്ള ഒരു ലൈറ്റ് പ്രവർത്തിക്കുന്നുമില്ല.
നഗരസഭയുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറയും ഈ പോസ്റ്റിലാണ് ഘടിപ്പിച്ചിരിക്കുന്നത്. 4 ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ എത്തുന്ന പള്ളിക്കവലയിൽ രണ്ടിടങ്ങളിലായുള്ള അപകടാവസ്ഥ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.