ഐഎഎസ് അല്ല, സ്വപ്നം കണ്ടത് ഐപിസ്;ഇടുക്കിയുടെ മിടുക്കി അശ്വതി ജിജി
തൊടുപുഴ ∙ ട്രാക്കിൽ ഫിനിഷിങ് പോയിന്റ് ലക്ഷ്യമാക്കി ഓടുന്ന സ്പ്രിന്ററുടെ അതേ വാശിയോടെയാണ് അശ്വതി ജിജി(31) സിവിൽ സർവീസ് പരീക്ഷയിലും ഓടി 41–ാം റാങ്ക് നേടിയത്. കേരള കേഡറിൽ പൊലീസ് യൂണിഫോമണിഞ്ഞ് ഐപിഎസുമായി ഓട്ടം തുടരാനാണ് അശ്വതിയുടെ തീരുമാനം. ഇന്ത്യൻ വ്യോമസേനയിൽ എയർമാനായ അച്ഛൻ വരമ്പേപ്ലാക്കൽ വി.എസ്.ജിജിയുടെയും ഭാര്യ ഓമനയുടെയും മൂന്നു മക്കളിൽ മൂത്തവളായ അശ്വതിക്ക് മൂന്നാർ എൻജിനീയറിങ് കോളജിൽ പഠിക്കാനുള്ള സൗകര്യത്തിനായാണ് ഉത്തർപ്രദേശിൽനിന്നു കുടുംബം 2008ൽ മുരിക്കാശേരിയിലെക്ക് എത്തുന്നത്.
ഇടുക്കിക്കാർ തന്നെയാണ് അച്ഛനും അമ്മയും. എൻജിനീയറിങ് പൂർത്തിയാക്കി ജോലിക്കായി വീണ്ടും അശ്വതി ഇടുക്കി വിട്ടു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായുള്ള കേന്ദ്രീയ വിദ്യാലയത്തിലെ പഠനകാലത്തുതന്നെ ട്രാക്കിലും ഫീൽഡിലും അശ്വതി മികവ് പുലർത്തിയിരുന്നു. അച്ഛന്റെ എയർഫോഴ്സ് ജോലിക്കൊപ്പം ഇന്ത്യ ചുറ്റിയത് സിവിൽ സർവീസ് പഠനത്തിൽ മുതൽക്കൂട്ടായെന്ന് അശ്വതി പറയുന്നു. കുടുംബാംഗങ്ങളോടൊപ്പം സന്തോഷം പങ്കിടാനായി അടുത്തയാഴ്ച അശ്വതി ഇടുക്കിയിലെത്തും.
പൊലീസ് യൂണിഫോം ഇഷ്ടം
ഐഎഎസ് അല്ല ഐപിഎസ് എടുക്കാനാണ് തന്റെ താൽപര്യമെന്ന് ആശ്വതി പറയുന്നു. ഏറെ ഫിറ്റ്നസ് ആവിശ്യമുള്ള ജോലിയായതിനാൽ അത്‍ലറ്റിക്സിലെ തന്റെ പരിശീലനം ഗുണമാകുമെന്ന് അശ്വതി പറയുന്നു. പൊലീസ് യൂണിഫോമിനോട് ഇഷ്ടം തോന്നാൻ മറ്റൊരു കാരണവും കൂടിയുണ്ട്, എയർഫോഴ്സിൽ അച്ഛന്റെ ജോലി സ്ഥലങ്ങളിലായിരുന്നു അശ്വതിയുടെ കുട്ടിക്കാലം. ആ സമയത്ത് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരെ കണ്ട് ശീലിച്ച് തനിക്ക് യൂണിഫോം ജോലിയോട് വലിയൊരു ആരാധനയുണ്ടായി. അതുകൊണ്ടാണ് പൊലീസ് യൂണിഫോം ധരിക്കാൻ ആഗ്രഹം – അശ്വതി പറയുന്നു. കേരള കേഡറിലാണ് ജോലി ചെയ്യാൻ താൽപര്യം.