കനയ്യകുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക്; ചൊവ്വാഴ്ച പാർട്ടിയിൽ ചേരും
ന്യൂഡല്‍ഹി: സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കനയ്യ കുമാറും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എം എല്‍ എ ജിഗ്നേഷ് മേവാനിയും വരുന്ന ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്.
നേരത്തെ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ഇരുവരും കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു വാര്‍ത്തകളെങ്കിലും ഭഗത് സിംഗ് ദിനമായ സെപ്തംബര്‍ 28ന് പാര്‍ട്ടി അംഗത്വമെടുക്കാനാണ് ഇരുവരുടേയും തീരുമാനമെന്നാണ് അറിയാന്‍ കഴിയുന്നത്.
ഗുജറാത്തില്‍ നിന്നുള്ള എം എല്‍എയായ ജിഗ്നേഷ് മേവാനിയെ കോണ്‍ഗ്രസിന്റെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ആക്കിയേക്കുമെന്ന് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം തന്റെ സ്വന്തം സംസ്ഥാനമായ ബിഹാറില്‍ പാര്‍ട്ടിയെ ശക്തിപ്പടുത്തുകയെന്നതായിരിക്കും കനയ്യ കുമാറിന്റെ ചുമതല.
പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് കനയ്യ കുമാര്‍ ഇതിനോടകം രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമായി ഒന്നിലേറെ തവണ ചര്‍ച്ചകള്‍ നടത്തികഴിഞ്ഞു. കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ പാര്‍ട്ടിക്കുള്ളിലെ തന്റെ സ്ഥാനം എന്തായിരിക്കുമെന്ന ഉറപ്പിന് വേണ്ടിയായിരുന്നു ഈ കൂടിക്കാഴ്ചകളെന്ന് നേതാവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇരു നേതാക്കന്മാരില്‍ നിന്നും വ്യക്തമായ ചില ഉറപ്പുകള്‍ മുന്‍ വിദ്യാര്‍ത്ഥി നേതാവിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്.
അതേസമയം ജിഗ്നേഷ് മേവാനി അടുത്ത നാളുകളായി കോണ്‍ഗ്രസ് നേതൃത്വത്തെ പുകഴ്ത്തി സംസാരിക്കുന്നതില്‍ ഒരു പിശുക്കും കാട്ടാറില്ല.
ഇരുവരെയും തങ്ങളുടെ പാളയത്തില്‍ എത്തിച്ചാല്‍ പാര്‍ട്ടിയില്‍ നിന്ന് ചോര്‍ന്നു കൊണ്ടിരിക്കുന്ന ദളിത് വോട്ടുകള്‍ തിരിച്ചു പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം.