ഇടുക്കി: 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങളുമായി ജില്ലാ ആരോഗ്യവകുപ്പ്. ജില്ലയിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽനിന്ന് 25 വരെ മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ ആദ്യ ഡോസ് വാക്സിനെടുക്കാനുള്ള സൗകര്യം ഒരുക്കി.
സൗകര്യപ്രദമായ വാക്‌സിനേഷൻ കേന്ദ്രത്തിൽനിന്ന് ആർക്കുവേണമെങ്കിലും വാക്‌സിൻ സ്വീകരിക്കാം. ഇതുവരെ ആദ്യഡോഡ് വാക്‌സിൻ സ്വീകരിക്കാത്ത മുഴുവൻ ആളുകളും അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അറിയിച്ചു.
സ്വകാര്യ, സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളുടെ മേധാവികൾ തങ്ങളുടെ സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാർക്കും ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചെന്ന് ഉറപ്പുവരുത്തണം.
വാക്‌സിൻ എടുക്കാത്തവർക്ക് 25-ന് മുൻപ് വാക്‌സിൻ എടുക്കാൻ നിർദേശം നൽകണം.
തൊഴിലുറപ്പുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ, കുടുംബശ്രീ അയൽകൂട്ടങ്ങൾ, വ്യാപാരി വ്യവസായികൾ, റസിഡന്റ് അസോസിയേഷനുകൾ, മത-സമുദായ സംഘടനകൾ, യുവജന സംഘടനകൾ എന്നിവയുടെ ഭാരവാഹികൾ തങ്ങളുടെ അംഗങ്ങളെല്ലാം ആദ്യ ഡോസ് സ്വീകരിച്ചെന്ന് ഉറപ്പുവരുത്താനും നിർദേശം നല്കി.