ഹമ്പട കേമാ… സണ്ണി കുട്ടാ
എഴുത്ത് : ബിബിൻ ജോയ്
ലോകത്തെ മുഴുവൻ അനിവാര്യമായ മാറ്റത്തിന് വിധേയമാക്കിയ കോവിഡ് മഹാമാരി, കുറച്ച് ദിവസത്തേക്കെങ്കിലും നമ്മളിൽ പലരെയും ഏകാന്തതയുടെ തടവറയിൽ ബന്ധിച്ചു. പതിനാല് ദിവസത്തെ സാമ്പത്തിക പ്രതിസന്ധികളും മാനസിക പിരിമുറുക്കങ്ങളും കഠിനമായ ശാരീരിക പ്രശ്നങ്ങളും വൈകാരിക വ്യഗ്രതയും തരണം ചെയ്തവർ,അത് കഴിഞ്ഞപ്പോൾ ഒരു പക്ഷേ ഒരു പുതിയ ജന്മത്തിലേക്ക് പിറന്ന് വീഴുകയായിരുന്നു…
ദുബായ്യിൽ നിന്നും കേരളത്തിലെത്തി ക്വാററൻ്റയിനി നായ് ഒരു ആഡംബര ഹോട്ടലിൽ എത്തിചേർന്ന സണ്ണി,.. അയാളാകെ അസ്വസ്ഥനാണ്. ജീവിത പ്രതിസന്ധികൾ വലയ്ക്കുന്ന അസ്വസ്ഥമായ മനസ്സിനെ കടിഞ്ഞാണിടാൻ അദ്ദേഹം മദ്യലഹരിയിൽ മുഴുകുന്നു. അപ്രതീക്ഷിതമായി മദ്യം ലഭിക്കാതെയാകുമ്പോൾ അയാൾ പരിഭ്രാന്തനാകുന്നു. കുടുബ ജീവിതത്തിലും കരിയറിലും ബിസിനസ്സിലുമെല്ലാം പരാജയം നുണഞ്ഞ അയാൾ ഒരവസരത്തിൽ ആത്മഹത്യയ്ക്ക് ശ്രമിക്കാൻ തക്കവണ്ണം അസ്വസ്ഥനാകുന്നു. അപ്രതീക്ഷിതമായി അയാളുടെ ഏകാന്തതയുടെ വരമ്പുകൾ കടന്നെത്തിയ പലരും അയാളിൽ പ്രതീക്ഷയുടെ വെളിച്ചം പകർന്ന് നടന്ന് നീങ്ങുന്നു.പിന്നീടയാൾ ഒരിക്കൽ മറന്ന സംഗീതത്തെ പൊടി തട്ടി എടുക്കുന്നു . അത് അയാളിൽ പ്രതിരോധത്തിൻ്റെ തരംഗങ്ങൾ സൃഷ്ടിക്കുന്നു.
മദ്യത്തിൻ്റെയും വിഷാദത്തിൻ്റെയും പിടിയിൽ നിന്നും സണ്ണിയെ രക്ഷപെടുത്താനായി കൗൺസിലിങ്ങ്ഡോക്ടർ ഈരാളിയായെത്തുന്ന ഇന്നസെൻ്റ് സരസമായ ഫോൺ സംഭാക്ഷണത്തിലൂടെ അയാളുമായി വൈകാരികമായ അടുപ്പം ഉണ്ടാക്കി എടുക്കുന്നു.ഗൗരവവും സൗമ്യവുമായ ഭാഷാ വ്യതിയാനങ്ങളിലൂടെ എസ് ഐ സധാശിവൻ നായർ എന്ന പോലീസ് കാരൻ്റെ വ്യക്തമായ ചിത്രം വരച്ചിടാൻ വിജയരാഘവന് സാധിച്ചു.സണ്ണി കോഴി എന്ന് വിളിക്കുന്ന പ്രിയസുഹൃത്ത് രാജേഷുമായുള്ള സമ്പർക്കം തൻ്റെ ഏകാന്തവാസത്തിൽ സണ്ണിക്ക് ഏറെ ആശ്വാസം പകരുന്നു.കുസൃതിയും കരുതലുമെല്ലാം നിറഞ്ഞ തൻ്റെ ശബ്ദത്തിലൂടെയും ഒഴുക്കുള്ള സംഭാഷണ ശൈലിയിലൂടെയും ഒരു നല്ല സൗഹൃദാന്തരീക്ഷം പ്രതിഫലിപ്പിക്കാൻ അജു വർഗ്ഗീസിന് സാധിച്ചു..ദുബായ് യുടെ ഓർമകളിൽ സണ്ണിയെ അസ്വസ്ഥനാക്കുന്ന പരുക്കനും കർക്കശക്കാരനുമായ പലിശക്കാരനായ് മാറിയപ്പോൾഒരു വേള ,ഭയവും സങ്കീർണ്ണതയും സൃഷ്ടിക്കാൻ കരുത്തുള്ള ശബ്ദ സാന്നിദ്ധ്യം കൊണ്ട് സിദ്ദീക്കിന് കഴിഞ്ഞു. സണ്ണിയുടെ ജീവിതത്തെ സങ്കീർണ്ണമാക്കി തീർത്ത അയാളുടെ ഭാര്യയുടെ വേർപാടും , അതയാളിൽ സൃഷ്ടിക്കുന്ന നഷ്ടബോധവും സംവിധായകൻ അവതരിപ്പിച്ചത് ചില ഷോട്ടുകളിൽ മിന്നി മറഞ്ഞ ഷിവതയുടെ ഫോട്ടോകളിലൂടെയും വൈകാരിത തൊട്ടുണർത്തുന്ന ശബ്ദവേലിയേറ്റങ്ങളിലൂടെയുമായിരുന്നു, സണ്ണിയുടെ മനസ്സറിഞ്ഞ് അയാൾക്കൊരു പ്രജോ തനമായെത്തുന്ന അഡ്വക്കേറ്റായി വിജയ് ബാബുവും, പഴയ ഏതോ അനുരാഗത്തിൻ്റെ കണികയെന്നു തോന്നിപ്പിക്കുന്ന ഡോക്ടർ അനുരാധയായി മമംതയും, ഫോൺ കോളുകളിലൂടെയും വാട്സ് ആപ്പ് മെസേജുകളിലൂടെയും ശബ്ദവീചികളായ് മാത്രമെത്തുമ്പോൾ , ദൃശ്യ സാന്നിധ്യത്തിനൊപ്പം മാറ്റുരക്കുന്ന രീതിയിലാണ് ചിത്രത്തിൻ്റെ നിർമാണം. ചില സമയയങ്ങളിൽ സണ്ണിക്ക് ആശ്വാസമായെത്തിയ, മുഖം പോലും വ്യക്തമായി കാണാൻ സാധിക്കാത്ത ,തൊട്ടടുത്ത മുറിയിലെ മറ്റൊരു ക്വാറൻ്റയിൻ സൗഹൃദവും ശബ്ദമായി മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്. സംഭാഷണ ശകലങ്ങൾ കൊണ്ട് അത്ഭുതാവഹമാം വിധം തങ്ങളുടെ സാന്നിധ്യം അറിയിച്ച സഹ അഭിനേതാക്കൾ ഒരു പുതിയ പരീക്ഷണം ആയിരുന്നു.
സണ്ണി ഏക വ്യക്തി കേന്ദ്രീകൃതമായ ഒരു സിനിമയാണ്.തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ ഫ്രെയിമുകളിലും ജയസൂര്യയെന്ന നടൻ്റെ നടന വൈഭവ്യം തുളുമ്പി നിൽക്കുന്നു. സണ്ണിയുടെ വൈകാരിക തലങ്ങൾ ഓരോന്നും വ്യക്തമായി പ്രതിഭലിപ്പിക്കാൻ ജയസൂര്യയ്ക്ക് സാധിച്ചു. വ്യത്യസ്തവും സങ്കീർണ്ണവുമായ പ്രമേയത്തെ ഉൾക്കൊണ്ട് കഥാപാത്രത്തോട് പരമാവധി നീതി പുലർത്താൻ നടന് സാധിച്ചു.
വളരെ പരിമിതമായ ലൊക്കേഷനിൽ ഷൂട്ടു ചെയ്യുന്നതിൻ്റെ വെല്ലുവിളിയെ തന്ത്രപരമായി കൈകാര്യം ചെയ്യാൻ ഛായാഗ്രാഹകൻ മധു നീലകണ്ഠന് സാധിച്ചു .സിനിമയുടെ പശ്ചാത്തത്തോടും പ്രമേയത്തോടും ഇഴുകി ചേർന്ന സംഗീത സംവിധാനവും ചിത്രത്തെ മികവുറ്റതാക്കി. ഒന്നര മണിക്കൂർ നീളുന്ന ചിത്രം കുറച്ചൊന്നു പതുങ്ങി സഞ്ചരിക്കുന്നുണ്ടെങ്കിലും
ഏറെ പരിചിതമായ പ്രമേയത്തെ തികച്ചും വ്യത്യസ്തമായ അവതരണം കൊണ്ട് ശ്രദ്ധേയമാക്കാൻ രഞ്ജിത്ത് ശങ്കറിന് സാധിച്ചു.ഇത്തരം പരീക്ഷണം മുൻപും സംഭവിച്ചിട്ടുണ്ടെങ്കിലും, മുന്നിൽ വന്നെത്തുന്ന ഏതൊരു പ്രതിസന്ധിയെയും പ്രതിരോധിക്കാനാവുമെന്ന് തെളിയിച്ച സംവിധാനമികവിനെ അഭിനന്ദിക്കാതെ വയ്യ..
ജീവിതത്തിൽ പ്രതിസന്ധികൾ തളർത്തുമ്പോൾ ലഹരിയുടെ സൗഹൃദം നമ്മെ നശിപ്പിക്കുന്നു., എന്നാൽ ഉചിതമായ തീരുമാനങ്ങളും ശരിയായ വ്യക്തിയുമായുള്ള സമ്പർക്കവും നമുക്കുള്ള ചവിട്ടുപടികളാണ്.ഇനി അതൊന്നും സാധിക്കുന്നില്ലാത്ത അവസരത്തിൽ വേണമെങ്കിൽ വിദഗ്ദോപദേശം തേടിയിട്ടായാലും ജീവിതത്തിൻ്റെ മധുരം കണ്ടെത്തി ആസ്വദിക്കണമെന്നൊരു തോന്നൽ നമ്മളിൽ ജനിപ്പിക്കാൻ സിനിമയ്ക്ക് സാധിച്ചു. നിസ്സാരമെന്ന് നാം കരുതുന്ന ഒരു പുൽനാമ്പിനു പോലും ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ വലിയ അർത്ഥങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.