ജില്ലയിലെ ഏറ്റവും ഉയരം കൂടിയ ടര്‍ഫ് കട്ടപ്പനയില്‍;കായിക പ്രേമികൾ ഏറ്റെടുത്ത് എ.റ്റി.എസ് അരീന
കട്ടപ്പന: ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്നും യുവ തലമുറയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം എ.റ്റി.എസ് അരീന എന്ന പേരില്‍ ടര്‍ഫ് ഒരുങ്ങി. കോവിഡിന്റെ തീവ്ര വ്യാപനം മൂലം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണിന് ഇളവ് വരുത്തിയ സാഹചര്യത്തില്‍ കട്ടപ്പന-കുന്തളംപാറ റോഡില്‍ തയാറാക്കിയ ടര്‍ഫ് കോര്‍ട്ട് സജീവമായിരിക്കുകയാണ്.
കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് കളിക്കാര്‍ക്ക് കളിക്കാന്‍ അനുമതിയുള്ളത്. രാവിലെ മുതല്‍ തന്നെ ബൂട്ട് കെട്ടി കളിക്കാര്‍ ടര്‍ഫിലേക്കെത്തുന്നുണ്ട്. കട്ടപ്പനയിലെ കായിക പ്രേമികളായ 15 യുവാക്കള്‍ ചേര്‍ന്നാണ് എ.റ്റി.എസ് അരീന എന്ന പേരില്‍ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ ടര്‍ഫ് തയാറാക്കിയിരിക്കുന്നത്. പതിനായിരം സ്‌ക്വയര്‍ ഫീറ്റിലാണ് കോര്‍ട്ട് നിര്‍മിചിരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമുകളില്‍ ജീവിതം ഹോമിക്കുന്ന കുട്ടികളുടെ എണ്ണം ജില്ലയില്‍ കൂടി വന്നതോടെയാണ് ടര്‍ഫ് കോര്‍ട്ട് നിര്‍മിക്കുകയും കുട്ടികളെയും യുവാക്കളെയും ഇവിടേക്ക് ആകര്‍ഷിക്കാമെന്ന ലക്ഷ്യത്തിലേക്ക് എത്തിയതെന്ന് എ.റ്റി.എസ് അരീനയുടെ ഭാരവാഹിയായ ആദര്‍ശ് കുര്യന്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ മുതല്‍ കളിക്കമ്പക്കാരായ വയോധികര്‍വരെ ഇന്ന് ഒഴിവുസമയങ്ങളിലും രാത്രികളിലും ടര്‍ഫ് മൈതാനങ്ങളിലെത്തുന്നുണ്ട്. നെറ്റ് പ്രാക്ടീസ് സൗകര്യത്തിനുപുറമേ ബോക്‌സ് ക്രിക്കറ്റിനും ഇവിടെ സൗകര്യമുണ്ട്. കാടുപിടിച്ച് ലഹിരമാഫിയയുടെ കേന്ദ്രങ്ങളായിരുന്ന പ്രദേശങ്ങളും തരിശുഭൂമിയും ചതുപ്പുനിലങ്ങളുംവരെ ഇന്ന് കൃത്രിമ ടര്‍ഫ് മൈതാനങ്ങള്‍ക്ക് വഴിമാറിയതോടെ കളിപ്രേമത്തിന് തന്നെ ഒരു ഉണര്‍വ് പ്രകടമാണെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ ജില്ല സെക്രട്ടറി സനോണ്‍.സി.തോമസ് പറഞ്ഞു. അന്താരാഷ്ര്ട നിലവാരത്തിലുള്ള കൃത്രിമ പുല്‍ മൈതാനവും ഹൈഗ്രേഡ് ലൈറ്റുകളോടെയുള്ള ഫ്‌ളെഡ് ലൈറ്റുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
കൂടാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും കളി കാണാനുളള ഗ്യാലറികളും എ.റ്റി.എസ് അരീന എന്ന ടര്‍ഫിലുണ്ട്. അപകടസാധ്യത ഇല്ലാത്തതിനാല്‍ പ്രായഭേദമന്യേ നിരവധി ആളുകളാണ് ദിവസവും ടര്‍ഫിലേക്കെത്തുന്നത്. വൈകുന്നേരം സജീവമാകാറുണ്ടെങ്കിലും രാത്രികളിലാണ് ടര്‍ഫ് അതിന്റെ പൂര്‍ണ ആവേശത്തിലെത്തുക. ജോലിക്ക് ശേഷമെത്തുന്ന മുതിര്‍ന്നവരും ടര്‍ഫിലെ സ്ഥിരം സാന്നിധ്യമാണ്. നഗരവികസനത്തിന്റെ ഭാഗമായി കളിമൈതാനങ്ങള്‍ ഇല്ലാതാവുമ്പോള്‍ ടര്‍ഫ് കോര്‍ട്ട് കായിക പ്രേമികള്‍ക്ക് ആശ്വാസമായി മാറുകയാണ്.