വാക്സിനേഷന്‍ ഇതേ വേഗതയിലായാല്‍ ജനുവരിയോടെ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വാക്‌സിനേഷൻ


നിലവിലെ വേഗതയില്‍ തന്നെ വാക്‌സിനേഷന്‍ മുന്നോട്ട് പോയാല്‍ ജനുവരിയോടെ സംസ്ഥാനത്ത് സമ്ബൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്ന് കണക്കുകള്‍.
ആദ്യ ഡോസ് വാക്സിന്‍ 100 ശതമാനത്തിലെത്താന്‍ 25 ദിവസവും രണ്ടാമത്തെ ഡോസ് പൂര്‍ത്തിയാവാന്‍ 135 ദിവസവും വേണമെന്നാണ് വിദഗ്ധരുടെ കണക്ക്.
സ്വകാര്യ മേഖലയിലെ വാക്സിനേഷന്‍ ഇതേ വേഗതയിലായാല്‍ പെട്ടന്ന് ലക്ഷ്യത്തിലെത്താനാകുമെന്നാണ് പ്രതീക്ഷ.വാക്സിനെടുക്കേണ്ട ആളുകളുടെ എണ്ണത്തില്‍ കേന്ദ്രം നല്‍കിയ കണക്കനുസരിച്ച് ഇതിനോടകം ആദ്യ ഡോസ് വാക്സിന്‍ എടുത്തവരുടെ എണ്ണം 89 ശതമാനം കടന്നു. രണ്ടാം ഡോസ് എടുത്തവരുടെ എണ്ണം 36.67 ശതമാനമാണ്. പുതിയ ജനസംഖ്യാ കണക്കനുസരിച്ച്, രണ്ട് കോടി 87 ലക്ഷത്തില്‍ നിന്ന് രണ്ട് കോടി 67 ലക്ഷമായാണ് യോഗ്യരായ ആളുകളുടെ എണ്ണം കുറഞ്ഞത്. ഇതോടെ ലക്ഷ്യ കുതിപ്പിലേക്ക് സര്‍കാര്‍ അടുത്തു. ഇനി ആദ്യ ഡോസ് വാക്സിന്‍ എടുക്കാനുള്ളത് 29 ലക്ഷത്തോളം ആളുകളാണ്.
ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് എടുക്കണമെങ്കില്‍ 84 ദിവസം പൂര്‍ത്തിയാകണം. അതും കൂടി അനുസരിച്ചാണ് നാല് മാസമെന്ന കണക്ക്. അതായത് 115 മുതല്‍ കുറഞ്ഞത് 135 ദിവസം വരെ. വാക്സിന്റെ വിതരണം വര്‍ധിച്ചതോടെ കേരളം ഏറെ പ്രതീക്ഷയിലാണ്.
എന്നാല്‍ സര്‍കാര്‍ വാക്സിന്‍ വിതരണം കൂട്ടിയതോടെ സ്വകാര്യ മേഖലയില്‍ പണം നല്‍കി വാക്സിന്‍ എടുക്കുന്നത് കുറഞ്ഞിട്ടുണ്ട്.
ഇത് പരിഹരിക്കാന്‍ സ്വകാര്യ മേഖലയിലും വാക്‌സിന്‍ സൗജന്യമാക്കാനുള്ള ഇടപെടല്‍ വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതുവഴി വാക്‌സിനേഷന്‍ വേഗം ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് സ്വകാര്യ ആശുപത്രികള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം.