ആഫ്രിക്കൻ ഒച്ചിന്റെ ശല്യത്തിൽ പൊറുതിമുട്ടി ഇടുക്കി കുഞ്ചിത്തണ്ണി,മഞ്ഞപ്പിള്ളിസിറ്റിയിലെ ജനങ്ങൾ:അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം

ഇടുക്കി /കുഞ്ചിത്തണ്ണി :ബൈസൺവാലി പഞ്ചായത്തിലെ മഞ്ഞപ്പിള്ളി സിറ്റിയിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യമേറുന്നു.
ദിവസവും രാവിലെ ആയിരക്കണക്കിന് ഒച്ചുകളാണ് വീടുകളിൽ എത്തുന്നത്. രാവിലെ വീട്ടിലുള്ളവർ എണീറ്റുവരുമ്പോൾ വീടുകളുടെ വരാന്തകളിലും ഭിത്തിയിലും മറ്റും നൂറുകണക്കി ന് ഒച്ചുകൾ ഉണ്ടാകും.
സാധാരണ മഴക്കാലത്ത് കാണുന്ന ഒച്ചുകളിൽനിന്ന് വ്യത്യസ്തമായി കറുത്ത പുറംതോടുള്ള ഒച്ചുകളാണ് ഇവിടെ കാണപ്പെടുന്നത്.
ഈ ഒച്ചുകളെ തൂത്തുവാരി കുട്ടയിലിട്ട് ഉപ്പിട്ടു കൊല്ലുകയാണ് ചെയ്യുന്നത്. എന്നാൽ പിറ്റേദി വസവും അത്രതന്നെ ഒച്ചുകൾ എത്തിയിട്ടുണ്ടാവും. പച്ചക്കറി, ഏലം എന്നിവയുടെ ഇലകളും, ചെടികളുമാണ് ഇവ ഭക്ഷിക്കുന്നത്.
ഇതിൻ്റെ ശല്യം തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി എന്നു നാട്ടുകാർ പറയുന്നു. ഒച്ചുകളെ തുരത്തുന്നതിന് ബൈസൻവാലി പഞ്ചായത്തും കൃഷിവകുപ്പും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.













































































