പീരുമേട് താലൂക്കിലെ എസ്‌റ്റേറ്റ് ലയങ്ങള്‍ : പരിശോധനക്ക് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

വണ്ടിപ്പെരിയാര്‍ അരണക്കല്‍ എസ്‌റ്റേറ്റ് ഉള്‍പ്പെടെ പീരുമേട് താലൂക്കിലെ എല്ലാ എസ്‌റ്റേറ്റ് ലയങ്ങളും പൊളിച്ച് മാറ്റി പുതിയവ പണിയണമെന്ന ആവശ്യം പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
കോട്ടയം ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ഇക്കാര്യം പരിശോധിച്ച് ഒക്ടോബര്‍ ഏഴിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. കേസ് ഒക്ടോബര്‍ 12 ന് പരിഗണിക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ലയം മുഴുവനും വൈദ്യുതി പ്രവഹിച്ചിരുന്നു. തുടര്‍ന്ന് തൊഴിലാളികള്‍ ബന്ധുക്കളുടെ ലയത്തില്‍ കൂട്ടത്തോടെ താമസിക്കാന്‍ തുടങ്ങി.
പ്രതിസന്ധി ബോധ്യപ്പെട്ടിട്ടും അരണക്കല്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്റ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. വണ്ടിപ്പെരിയാര്‍ സി ഐ ഇടപെട്ടപ്പോഴാണ് ലയങ്ങളില്‍ മാനേജ്‌മെന്റ ചെറിയ അറ്റകുറ്റ പണികള്‍ നടത്തിയത്.